സാമ്പത്തിക സംവരണം: വിശാല ഹിന്ദു ഐ്ക്യം പിണറായി പൊളിച്ചു: കേരളത്തിൽ എൻഡിഎ മുന്നണി തകരുന്നു

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച അടിത്തറയിടുന്നത് ലക്ഷ്യമിട്ട് ബിജെപി കെട്ടിപ്പൊക്കിയ വിശാല ഹിന്ദു ഐക്യം പൊളിയുന്നു. സാമ്പത്തിക സംവരണം നടപ്പക്കാൻ പിണറായി സർക്കാർ തീരുമാനിച്ചതോടെ, കേരളത്തിലെ ഹിന്ദു ഐക്യത്തിൽ വിള്ളൽ വീണു.  ദേവസ്വം ബോർഡിൽ മുന്നോക്ക സമുദായക്കാർക്ക് 10% സാമ്പത്തിക സംവരണം നൽകിയതോടെ അതിനെതിരെ എസ്എൻഡിപി യോഗം ശക്തമായി രംഗത്തുവന്നിരിക്കുകയാണ്.വിശാല ഹിന്ദുഐക്യം രൂപീകരിച്ച് മൂന്നാം മുന്നണിയുടെ നായകനാകാൻ ശ്രമിക്കുന്ന തുഷാർ വെള്ളാപ്പള്ളിയ്ക്കും സാമ്പത്തിക സംവരണ നിലപാടിലൂടെ പിണറായി വിജയൻ തന്റെ രാഷ്ട്രീയ തന്ത്രം കൊണ്ട് തടയിട്ടിരിക്കുകയാണ്.രാഷ്ട്രീയമായി ഇടതുപക്ഷം ഇഎംഎസിന്റെ കാലം മുതലേ മുന്നോട്ടു വെച്ചിരുന്ന സാമ്പത്തികസംവരണം നടപ്പാക്കാൻ സാധിച്ചതിലൂടെ കേരളത്തിൽ പടർന്നു പന്തലിക്കാമെന്ന മോഹവുമായി കഴിയുന്ന ബിജെപിയുടെ വളർച്ചയെ കൂടി വെല്ലുവിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.കേരളത്തിൽ ഇതുവരെ മറ്റൊരു നേതൃത്വത്തിനും നടപ്പാക്കാൻ പറ്റാത്ത നേട്ടമാണ് ഇടതുസർക്കാർ ചെയ്തിരിക്കുന്നത് എന്നതും രാഷ്ട്രീയ നേട്ടംതന്നെ
തീരുമാനം വന്നയുടൻ എസ്എൻഡിപി യോഗവും വെള്ളാപ്പള്ളിയും എതിർപ്പുമായി രംഗത്തുവന്നിരുന്നു.മാത്രമല്ല എല്ലാക്കാലത്തും സിപിഎമ്മിനോടും എസ്എൻഡിപിയോടും അടുത്ത ബന്ധം പുലർത്തിയിരുന്ന കേരളകൗമുദി ദിനപ്പത്രവും ശക്തമായ ഭാഷയിലാണ് സാമ്പത്തിക സംവരണത്തെ എതിർത്തത്.മുന്നോക്കക്കാരിലെ പിന്നോക്ക വിഭാ?ഗങ്ങൾക്ക് സാമ്പത്തിക സംവരണം നൽകണമെന്ന ആശയവുമായി മുന്നോട്ട് വന്ന ഇ എം എസിന് അന്നത്തെക്കാലത്ത് പത്രാധിപർ നൽകിയ കുളത്തൂർ പ്രസംഗ മറുപടി രണ്ടു ദിവസങ്ങളിലായി പത്രം പുനപ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു
എന്നാൽ വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും ഈ തീരുമാനത്തിൽ കൃത്യമായ മറുപടി നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.കോൺഗ്രസും ഇക്കാര്യത്തിൽ ഇതുവരെ അഭിപ്രായം തുറന്നു പറഞ്ഞിട്ടില്ല.മുന്നോക്കക്കാരായ യോഗക്ഷേമസഭയെയും എൻഎസ്എസിനെയും പിണക്കേണ്ട എന്നുകരുതിയാവണം കോൺഗ്രസ് ഇക്കാര്യത്തിൽ വ്യക്തതതയുള്ള മറുപടി നൽകാത്തത്.ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയാതെ കോൺഗ്രസ് ഇക്കാര്യത്തിൽ മനസുതുറക്കുമെന്നും കരുതാനാവില്ല.കേരളത്തിൽ ജാതിരാഷ്ട്രീയത്തിന്റെ ആദ്യമായി വക്താക്കളായി രംഗത്തു വന്ന ബിഡിജെഎസിനോ നായകൻ തുഷാർവെള്ളാപ്പള്ളിയ്ക്കോ കൃത്യമായ മറുപടി അണികളോട് പറയാനാകാതെ ഉഴലുകയാണ്.മാത്രമല്ല ബിഡിജെഎസിന്റെ നേതാക്കൻമാരിലൊരാളായ അക്കീരമൺകാളിദാസ ഭട്ടിരിപ്പാടും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്
ദേവസ്വം ബോർഡിലെ ദളിത് ശാന്തി നിയമനത്തിലൂടെ ബിജെപിയുടെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തി മുന്നോട്ട് പോകാൻ സിപിഎമ്മിനും പിണറായിക്കും കഴിഞ്ഞതും ഇതിലൂടെ പിണങ്ങിക്കഴിഞ്ഞിരുന്ന മുന്നോക്കസമുദായമായ യോഗക്ഷേമ സഭയെ സാമ്പത്തിക സംവരണത്തിലൂടെ അനുനയിപ്പിക്കാൻ കഴിഞ്ഞതും പിണറായി എന്ന രാഷ്ട്രീയ ചാണക്യന്റെ കൂർമബുദ്ധി തന്നെ.     സാധാരണ പിന്നോക്ക സമുദായത്തിന്റെ വക്താക്കളായിരുന്ന സിപിഐയും തങ്ങളുടെ നിലപാട് ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല.കാരണം തോമസ്ചാണ്ടി വിഷയത്തിൽ സിപിഎമ്മുമായി തെറ്റിനിൽക്കുന്ന സിപിഐയ്ക്ക് ഈ വിഷയത്തിൽ കൂടി പിണറായിയോട് മല്ലിടാൻ ശക്തിയുണ്ടാവില്ല.മാത്രമല്ല സാമ്പത്തിക സംവരണം ഇടതിന്റെ നയമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു,
എന്നാൽ എസ്എൻഡിപി യുടെ തന്നെ നേതാക്കൻമാരാണ് മിക്കവാറും ബിഡിജെഎസിന്റെ പഞ്ചായത്തു തല കമ്മിറ്റികൾവരെയെല്ലായിടത്തും നേതൃത്വം നൽകുന്നത്.പക്ഷെ സാമ്പത്തിക സംവരണ വിഷയത്തിൽ തുഷാർ മനസുതുറക്കാത്തത് നേതാക്കൻമാരേയും അണികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.പലരും ഒളിഞ്ഞും തെളിഞ്ഞും നിന്ന് തുഷാറിന്റെ മൗനത്തെ വിമർശിക്കുന്നുമുണ്ട്.ബിഡിജെഎസിന്റെ ഒപ്പമുണ്ടായിരുന്ന കെപിഎംഎസിന്റെ നീലകണ്ഠൻ മാസ്റ്റർ വിഭാഗം സാമ്പത്തിക സംവരണത്തിനെതിരെ രംഗത്തു വന്നിട്ടുണ്ടെങ്കിലും ഇവരോടൈാപ്പം നിൽക്കുന്ന ഇടതിനോട് അങ്ങേയറ്റം കൂറുപുലർത്തുന്ന മറ്റ് നേതാക്കൻമാരാരും വിഷയത്തിൽ വ്യക്തമായ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
2019 ലേ ലോക്സഭാ തിരഞ്ഞെടിപ്പിൽ മൂന്നു മണ്ഡലങ്ങളിലെങ്കിലും മൽസരിച്ച് ശക്തി തെളിയിക്കാനും തുടർന്നുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റിൽ മൽസരിച്ചു മുന്നേറാനും നീക്കമിട്ടിരുന്ന തുഷാറിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ വെല്ലുവിളിച്ചാണ് പിണറായി ഗോളടിച്ചിരിക്കുന്നത്.മാത്രമല്ല കർണാടകയിൽ രാജീവ് ചന്ദ്രശേഖറിനെ കൂട്ടത്തിൽ നിർത്തി ബിഡിജെഎസിന് ശാഖ തുടങ്ങി പുതിയ രാഷ്ട്രീയ നീക്കം നടത്താനിരുന്ന തുഷാറിന് തീരുമാനം കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രത്യക്ഷത്തിൽ മുന്നോക്ക സാമ്പത്തികസംവരണത്തിലൂടെ ബിജെപിയ്ക്കും ബിഡിജെഎസിനും വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ് പിണറായി.ബിജെപിയുടെ കേന്ദ്രനേതൃത്വത്തിനു പോലും ചെയ്യാനാകാത്ത കാര്യങ്ങളാണ് ദളിത് ശാന്തി നിയമനത്തിലൂടെയും സാമ്പത്തിക സംവരണത്തിലൂടെയും പിണറായി സർക്കാർ നേടിയിരിക്കുന്നത്.വൻകുതിപ്പിന് തയ്യാറെടുത്തിരുന്ന ബിജെപിയെ വെട്ടിലാക്കിയ തീരുമാനമാണിതെന്നതിൽ സംശയമില്ല.
തോമസ് ചാണ്ടി,ദിലീപ് വിഷയങ്ങൾ മുഖ്യധാരയിൽ കൂടുതൽ ജനശ്രദ്ധ ആർജ്ജിച്ചിരിക്കുന്നതുമൂലം ഈ വിഷയത്തിൽ കൂടുതൽ ചർച്ച നടക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.     എന്നാൽ സർക്കാർ മുന്നോക്കക്കാർക്ക് നൽകിയ സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിട്ടുണ്ട്.മാത്രമല്ല സംവരണമെന്നത് ദാരിദ്ര്യനിർമ്മാർജ്ജന പരിപാടിയല്ലെന്നും വെള്ളാപ്പള്ളി വിശദീകരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top