കോട്ടയം: ക്രൂരതകളുടെ പര്യായമായി മാറിയ കേരള പോലീസിന്റെ മറ്റൊരു കണ്ണില്‍ച്ചോരയില്ലാത്ത പ്രവര്‍ത്തികാരണം ഒരു ജീവന്‍ കൂടി പൊലിഞ്ഞു. വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ചു. നടുറോഡില്‍ രക്തംവാര്‍ന്ന് ഗുരുതരാവസ്ഥയില്‍ കിടന്നയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് തയ്യാറായില്ല.
കുറവിലങ്ങാടിന് സമീപമുള്ള വെമ്പള്ളിയില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം. കുറവിലങ്ങാട് സ്വദേശി റോണി ജോയും മകന്‍ ഫിലിപ്പും സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും ഇരുവരും തെറിച്ച് റോഡിലേയ്ക്ക് വീണു.
അപകട സമയം തൃശ്ശൂര്‍ എ.ആര്‍ ക്യാമ്പില്‍ നിന്നും വന്ന ഒരു വാഹനം ഇതുവഴി കടന്നുപോയെങ്കിലും പരിക്കേറ്റവരെ ഈ വാഹനത്തില്‍ കയറ്റാന്‍ തയ്യാറായില്ല. പരിക്കേറ്റവരെ പോലീസ് വാഹനത്തില്‍ കയറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടുവെങ്കിലും വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് അരമണിക്കൂറോളം രക്തം വാര്‍ന്ന് റോഡില്‍ കിടക്കേണ്ടി വന്നു. അപകടം നടന്നയുടന്‍ അതുവഴിയെത്തിയ പോലീസ് വാഹനത്തില്‍ റോണിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.