സ്വന്തം ലേഖകൻ
തിരുവനന്തപുരം : അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനുളള പൊലീസിന്റെ ഓൺലൈൻ ഇപാസിന് ഇതുവരെ അപേക്ഷിച്ചത് 2,55,628 പേർ. ഇതിൽ 22,790 പേർക്ക് യാത്രാനുമതി നൽകി. 1,40,642 പേർക്ക് അനുമതി നിഷേധിച്ചു.
92,196 അപേക്ഷകൾ പരിഗണനയിലാണ്. തിങ്കളാഴ്ച രാവിലെ 11 മണിവരെയുളളയുളള കണക്കാണിത്.
വളരെ അത്യാവശ്യമുളള യാത്രകൾക്ക് മാത്രമേ പോലീസ് ഇപാസ് അനുവദിക്കുകയുളളൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പാസ് സംവിധാനം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി.
അടുത്തുള്ള കടയിൽ സാധന വാങ്ങാൻ പോകുന്നവർക്കും വാക്‌സിനേഷന് പോകുന്നവർക്കും പാസിന്റെ ആവശ്യമില്ല. ഇവർക്ക് സത്യവാങ്മൂലം മതിയാകും. അത്യാവശ്യമുള്ളവർ മാത്രമേ പാസിന് അപേക്ഷിക്കാവൂവെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.
യാത്രാ അനുമതി ലഭിച്ചവർക്ക് പാസ് ഡൗൺലോഡ് ചെയ്‌തോ, സ്‌ക്രീൻ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണ് . യാത്രവേളയിൽ ഇവയോടൊപ്പം അപേക്ഷയിൽ പറഞ്ഞിരിക്കുന്ന തിരിച്ചറിയൽ കാർഡും പൊലീസ് പരിശോധനയ്ക്കായി നിർബന്ധമായും കൈവശം കരുതിയിരിക്കണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം വീട്ടുജോലിക്കാർക്കും, കൂലിപ്പണിക്കാർക്കും, തൊഴിലാളികൾക്കും നേരിട്ടോ, അവരുടെ തൊഴിൽദാതാക്കൾ മുഖേനയും, മറ്റുള്ളവർക്ക് വളരെ അത്യാവശ്യമായാ യാത്രകൾക്കും മാത്രം പാസ്സിന് അപേക്ഷിക്കാവുന്നതാണ്.അവശ്യസർവ്വീസ് വിഭാഗത്തിൽപ്പെട്ടവർക്ക് ലോക്ക്ഡൗൺ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം.