
പാലക്കാട്: വന്‍ കവര്‍ച്ചാ സംഘം മാരകായുധങ്ങളുമായി കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് സംശയം. ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരാണ് സംഘത്തിലുള്ളതെന്നും പൊലീസ് കരുതുന്നു. അതിര്‍ത്തി ജില്ലകളില്‍ ഉള്‍പ്പെടെ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പൊലീസ്. കഴിഞ്ഞ ദിവസം കേരളത്തിലെ പല ഭാഗങ്ങളിലായി നടന്ന മോഷണ ശ്രമങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ സംശയത്തിന് ആക്കം കൂട്ടുന്നു
കഴിഞ്ഞദിവസങ്ങളില്‍ എറണാകുളം ജില്ലയില്‍ നടന്ന രണ്ട് മോഷണവും കാസര്‍കോട് ചീമേനിയിലുണ്ടായ മോഷണശ്രമവും ഇരട്ടക്കൊലപാതകവുമാണ് സംശയം ജനിപ്പിച്ചത്. കോയമ്പത്തൂരിലെ എം.ടി.എം. കൊള്ളയടിച്ചവരെ പിടികൂടാന്‍ നടത്തിയ വാഹനപരിശോധനക്കിടെ സേലം, നാമക്കല്‍ എന്നിവിടങ്ങളില്‍നിന്ന് എട്ടുപേര്‍ പിടിയിലായിരുന്നു. തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളും മൂന്ന് കാറുകളും ഒരു ലോറിയും ഇവരില്‍നിന്ന് പിടികൂടി. വന്‍കവര്‍ച്ചാസംഘത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് തമിഴ്നാട് പോലീസ് പറയുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് എല്ലാവരും.
തൃപ്പൂണിത്തുറയിലും കൊച്ചി പുല്ലേപ്പടിയിലും നടന്ന മോഷണങ്ങളില്‍ ഹിന്ദി സംസാരിക്കുന്നവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞിട്ടുണ്ട്. ചീമേനിയിലെ സംഭവത്തിലും ഹിന്ദി സംസാരിക്കുന്നവരാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നാണ് സൂചന. വ്യാഴാഴ്ച പുലര്‍ച്ചെ സേലം ശീലനായ്ക്കന്‍പട്ടി ബൈപ്പാസില്‍ പരിശോധനക്കിടെ നിര്‍ത്താതെപോയ രാജസ്ഥാന്‍ രജിസ്ട്രേഷന്‍ ലോറിയെ പിന്തുടര്‍ന്നാണ് മൂന്നുപേരെ പിടികൂടിയത്. ഏതാണ്ടിതേസമയത്താണ് മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാറില്‍നിന്ന് പണവും ആയുധവുമായി മൂന്നുപേര്‍ പിടിയിലായത്. നാമക്കലില്‍നിന്നാണ് രണ്ട് കാറുകളില്‍നിന്നായി എ.കെ.47 തോക്കും ആയുധങ്ങളും പണവും പിടികൂടിയത്.
ഉത്തരേന്ത്യയില്‍നിന്ന് ലോറികളിലും മറ്റ് വാഹനങ്ങളിലുമെത്തി കവര്‍ച്ച നടത്തി മടങ്ങുന്ന സംഘമാണിതെന്ന സംശയമാണ് പോലീസിനുള്ളത്. ദേശീയപാതയിലും സംസ്ഥാന അതിര്‍ത്തിയിലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
തമിഴ്നാട്ടില്‍ പിടിയിലായ സംഘത്തെ കൂടുതല്‍ ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇവരെ ചോദ്യംചെയ്താല്‍ കേരളത്തില്‍ സംഘങ്ങളുണ്ടോ എന്ന സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇവരെ ചോദ്യംചെയ്യുന്നതിനുള്ള ഔദ്യോഗികമായ നടപടികളൊന്നും ആയിട്ടില്ല. ദേശീയപാതകളിലെ ടോള്‍പ്ലാസകളിലെ ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. അടുത്തിടെയിറങ്ങിയ ഒരു തമിഴ് സിനിമയെ ഓര്‍മിപ്പിക്കുന്നതരത്തിലുള്ള മോഷണസംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ടെന്ന സന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉത്തരേന്ത്യന്‍സംഘം തമിഴ്നാട്ടിലെത്തി കവര്‍ച്ച നടത്തുന്നതാണ് സിനിമയുടെ പ്രമേയം.
പോലീസിന് ജാഗ്രതാനിര്‍ദേശമുണ്ടെന്നും പാലക്കാടുള്‍പ്പെടെയുള്ള അതിര്‍ത്തിജില്ലകളില്‍ ഇത് പാലിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.