രാഹുല്‍ഗാന്ധി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കും; ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍; ഉയരുന്നത് ഈ പേരുകള്‍

കെ.പി.സി.സി അധ്യക്ഷസ്ഥാനം ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമാകുന്നു. ഹൈക്കമാന്റില്‍ അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഡിസിസി പ്രസിഡന്റുമാരോടും എംഎല്‍എമാരോടും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് നേരിട്ട് അഭിപ്രായം ആരാഞ്ഞിരുന്നു.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് എംഎം ഹസന്റെ പേരാണ് പരിഗണിക്കുന്നത്. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി ആറിലധികം പേരുകളാണ് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് നിലവില്‍ ഉയര്‍ന്നുവന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കായിരുന്നു നേരത്തേ കെപിസിസി പ്രസിഡന്റിനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. എന്നാല്‍ നാളുകള്‍ കഴിഞ്ഞിട്ടും പേര് നിര്‍ദേശിക്കാന്‍ കഴിയാതെ പോകുന്നതിനാല്‍ രാഹുല്‍ ഗാന്ധി തന്നെ ഉദ്യമം ഏറ്റെടുത്തുവെന്നാണ് സൂചന. ആര് വേണമെന്നത് കീഴ്ഘടകങ്ങളിലും ജനപ്രതിനിധികളോടും അഭിപ്രായമാരാഞ്ഞ ശേഷം പ്രഖ്യാപനം നടത്താനാണ് ഹൈക്കമാന്‍ഡ് തീരുമാനം. രണ്ടു ദിവസമായി ഡിസിസി പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ എന്നിവരോട് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ഫോണിലൂടെ അഭിപ്രായങ്ങള്‍ ചോദിച്ചറിയുന്നുണ്ട്.

ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പേരുകള്‍ നിര്‍ദേശിച്ചവരാണ് ഭൂരിഭാഗമെങ്കിലും തലമുറമാറ്റവും ശൈലിമാറ്റവും ആവശ്യമാണെന്നും യുവനേതാക്കളില്‍ ചിലര്‍ അഭിപ്രായമറിയിച്ചിട്ടുണ്ട്. നിലവില്‍ ആറോളം പേരുകളാണ് അധ്യക്ഷസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്. ഇവരില്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് കേന്ദ്രനേതാക്കള്‍ക്ക് താത്പര്യമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് അദ്ദേഹം അഭികാമ്യനല്ല. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാരിച്ച ഉത്തരവാദിത്വങ്ങളും ഫണ്ടു കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങളും നിര്‍വഹിക്കാന്‍ മുല്ലപ്പള്ളിക്ക് കഴിയുമോ എന്നതിലും ഇവര്‍ സംശയങ്ങളുന്നയിക്കുന്നു.

ദലിത് പ്രാതിനിധ്യം ചൂണ്ടിക്കാട്ടി കൊടിക്കുന്നില്‍ സുരേഷിനെ സ്ഥാനത്തേക്ക് കൊണ്ടു വന്നാല്‍ പാര്‍ട്ടിക്ക് പുതിയ മുഖമുണ്ടാക്കാന്‍ കഴിയുമെന്നും നേതാക്കള്‍ക്കിടയില്‍ അഭിപ്രായങ്ങളുണ്ട്. ഗ്രൂപ്പടിസ്ഥാനത്തിലാണ് കെ സുധാകരന്റെ പേര് കൂടുതലും നിര്‍ദേശിക്കപ്പെട്ടത്. സംസ്ഥാനത്ത് വലിയ പ്രതിസന്ധിയിലൂടെ പാര്‍ട്ടി നീങ്ങുന്നതിനിടെ വിഡി സതീശനെ നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്ന അഭിപ്രായവും സജീവമാണ്. പാര്‍ട്ടിക്കുള്ളിലും പുറത്തും പുതിയ ഉണര്‍വുണ്ടാക്കാന്‍ സതീശന് സാധിക്കുമെന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സാമുദായിക സമവാക്യങ്ങള്‍ സതീശന് മുന്നില്‍ തടസമാകുന്നുണ്ട്.

കെ മുരളീധരന്‍, ബെന്നി ബഹനാന്‍, കെവി തോമസ് തുടങ്ങിയാണ് ഉയര്‍ന്നു വന്ന മറ്റ് പേരുകള്‍. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എംഎം ഹസന്‍ തന്നെ പരിഗണിക്കപ്പെടുമെന്നത് ഏതാണ്ടുറപ്പായി കഴിഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ അന്തിമപ്രഖ്യാപനം ഉണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്.

Top