മലപ്പുറം: നിലമ്പൂരിൽ വി എസ് ജോയ് കോൺഗ്രസ് സ്ഥാനാർഥിയാകും. ചർച്ചകൾ എഐസിസി സമ്മേളനത്തിൽ പുരോഗമിക്കുകയാണ്. പാർട്ടി സർവേയിൽ ജോയ് ആണ് ഒന്നാമത്. ഇക്കാര്യത്തിൽ നേതാക്കൾക്കിടയിൽ ധാരണയായെന്നാണ് സൂചന. കേന്ദ്ര സർവേയിൽ വിഎസ് ജോയിക്കാണ് മുൻതൂക്കം. പി വി അൻവറുമായി ചർച്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക.
സര്‍വ്വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നത്. രണ്ട് സര്‍വേകളാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ നടത്തിയത്. വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡമായി സ്വീകരിച്ചത്. ഈ സര്‍വേകളില്‍ വി എസ് ജോയിക്ക് മുന്‍തൂക്കം ലഭിച്ചു. മണ്ഡലത്തിലെ നേതാക്കളും ജോയുടെ പേരാണ് മുന്നോട്ടുവെക്കുന്നത്.
വി എസ് ജോയ് ഡിസിസി അദ്ധ്യക്ഷനായതിന് ശേഷം ജില്ലയില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം ഉണ്ടായെന്നാണ് വിലയിരുത്തുന്നത്. മുസ്‌ലിം ലീഗുമായും നല്ല ബന്ധമാണ് ജോയ് പുലര്‍ത്തുന്നത്. അതിനാല്‍ ജോയുടെ സ്ഥാനാര്‍ത്ഥിത്വത്തോട് ലീഗിനും എതിര്‍പ്പുണ്ടാവില്ല.
ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെ ആ വിഭാഗത്തില്‍ നിന്ന് തന്നെ ഒരു സ്ഥാനാര്‍ത്ഥി ഉണ്ടാവണമെന്ന അഭിപ്രായം പല നേതാക്കള്‍ക്കും ഉണ്ട്. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരു ജില്ലാ പഞ്ചായത്ത് അംഗത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് കാര്യമായി തന്നെ ആലോചിക്കുന്നുണ്ട്. ഇതും ജോയെന്ന പേരിലേക്കെത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.യുവാവായ നേതാവെന്നതും ജോയിക്ക് അനുകൂല ഘടകമാണ്. അത് കൊണ്ട് തന്നെ ഒറ്റ പേരിലേക്ക് വളരെ പെട്ടെന്ന് എത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
15ാം തിയതിക്ക് ശേഷം ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് സ്ഥാനാർഥിയെ മുൻകൂട്ടി തീരുമാനിക്കാനാണ് കോൺഗ്രസ് നീക്കം. ഇതിന്റെയടിസ്ഥാനത്തിൽ കേന്ദ്രം ഒരു സർവേ നടത്തിയിരുന്നു. നിലമ്പൂരിൽ വ്യാപകമായി നടത്തിയ സർവേയിൽ വി.എസ് ജോയ്ക്കാണ് കൂടുതൽ വിജയ സാധ്യതയെന്നാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് ഡിസിസി അധ്യക്ഷനെ തന്നെ സ്ഥാനാർഥിയായി പരിഗണിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്.
പി.വി അൻവറുമായി ചർച്ച നടത്തിയ ശേഷമായിരിക്കും സ്ഥാനാർഥിയെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ജോയ്ക്ക് തന്റെ പിന്തുണയുണ്ടാവുമെന്ന് പി.വി അൻവർ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, നിലമ്പൂരിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ആരംഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കെ.പി.അനിൽകുമാറിൻ്റെ നേതൃത്വത്തിലാണ് മുന്നൊരുക്കം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എപ്പോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും തങ്ങൾ റെഡിയാണെന്നും സ്ഥാനാർഥി പ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുണ്ടാവുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.










