മേഘാവരണം നീങ്ങി; കാലവര്‍ഷത്തിന് ശക്തി കുറയുന്നു

തിരുവനന്തപുരം∙ കേരളത്തില്‍ തുടർച്ചയായി പെയ്തുകൊണ്ടിരുന്ന കാലവര്‍ഷത്തിന് ശക്തി കുറയുന്നു. വരുന്ന ഒരാഴ്ച ശക്തമായ മഴ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ഏഴ് മുതല്‍ പത്തു ദിവസം വരെ ഇത് നീളാനും സാധ്യതയുണ്ട്.

കേരളം കേന്ദ്രീകരിച്ച് നിറഞ്ഞിരുന്ന വലിയ മേഘാവരണം പൂര്‍ണ്ണമായും നീങ്ങിയതോടെയാണ് മഴയുടെ സാധ്യത കുറഞ്ഞത്. പടിഞ്ഞാറന്‍ കാറ്റിന്‍റെ ശക്തിയും താരതമ്യേന കുറഞ്ഞിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച എല്ലാ കാലാവസ്ഥാ മുന്നറിയിപ്പുകളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. ഇന്നലെ പ്രഖ്യാപിച്ച യെല്ലോ അലർട്ടും അധികൃതര്‍ പിന്‍വലിച്ചു. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

കടല്‍ പൊതുവെ ശാന്തമായതിനെ തുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന എല്ലാ മുന്നറിയിപ്പുകളും അധികൃതര്‍ പിന്‍വലിച്ചു. ഈ മാസം ഏഴാം തീയതി ആരംഭിച്ച മഴ ഒരാഴ്ച നീണ്ടുനിന്നിരുന്നു. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് മഴ കനത്ത നാശനഷ്ടം വിതച്ചത്.

Top