പാലക്കാട്: നെല്ലിയാമ്പതി പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. റോഡും പാലങ്ങളും ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാണ്. അതേസമയം പാലക്കാട് കുതിരാനില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ചെറിയ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. കനത്ത മഴയും ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് നെല്ലിയാമ്പതിയില്‍ 3500 പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പോത്തുണ്ടി ചെക്ക് പോസ്റ്റ് മുതല്‍ പുലയന്‍ പാറ വരെയുള്ള സ്ഥലങ്ങളിലാണ് ആളുകളാണ് കുടുങ്ങി കിടക്കുന്നതെന്നാണ് വിവരം. പാറക്കഷ്ണങ്ങളും മണ്ണും ഇടിഞ്ഞ് വഴികള്‍ അടഞ്ഞതിനാല്‍ ഇവര്‍ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതിനാല്‍ ആളപായമില്ല. എന്നാല്‍ രണ്ടുദിവസമായി ഇവര്‍ ഇവിടെ കുടുങ്ങി കിടക്കുകയാണ്.
25 കിലോമിറ്റര്‍ വിസ്തൃതിയുള്ള മേഖലയില്‍ കൂടുതലും തോട്ടം തൊഴിലാളികളാണ്. പാടികളും ഗവ ക്വാര്‍ട്ടേഴ്സുകളിലുമായാണ് ഇവര്‍ ഇപ്പോഴുള്ളത്. ആവശ്യമായ ഭക്ഷണം ലഭിക്കാതെ വലയുകയാണ് ഇവര്‍. പാലക്കാട് കളക്ട്രേറ്റ് വിവരമറിയിച്ചിരുന്നു.
നാളെ സഹായമെത്തിക്കുമെന്നാണ് കളക്ട്രേറ്റില്‍ നിന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത്. ഏറ്റവും അടുത്ത ടൗണ്‍ നെന്മാറ ടൗണാണ് എന്നാല്‍ എത്താനുള്ള റോഡ് പൂര്‍ണ്ണമായ തകര്‍ന്നിരിക്കുകയാണ്. പാലം തകര്‍ന്ന് പോയിരുന്നു അത് റാപ്പിട് ഫോഴ്സ് താത്കാലികമായി നിര്‍മ്മിച്ചുകൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അതിന് 15 ദിവസമെങ്കിലും ചുരുങ്ങിയത് വേണ്ടി വരും. സര്‍ക്കാര്‍ സ്വകാര്യ തോട്ടങ്ങള്‍ ധാരളമുള്ള മേഖലയാണിത്.