തിരുവനന്തപുരം :സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കണ്ണൂർ ഉൾപ്പെടെ വിവിധയിടങ്ങളിൽ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. തലസ്ഥാനത്ത് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ സമരം സംഘര്‍ഷത്തിലെത്തി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിന്റെ ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നതോടെ കണ്ണീര്‍വാതകം പ്രയോഗിച്ചു. മൂന്നു തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി.
ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയെങ്കിലും വീണ്ടും പ്രതിഷേധം ശക്തമാക്കി. ഇതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് പ്രതിഷേധം. സര്‍ക്കാരിനെതിരായ പ്രതിഷേധം ഓരോ നിമിഷവും വര്‍ധിച്ചുവരികയാണ്. ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ പ്രകടനവും സെക്രട്ടേറിയറ്റിലേക്ക് എത്തി. കന്റോണ്‍മെന്റ് ഗേറ്റിനു മുന്നില്‍ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിക്കുകയാണ്.
സെക്രട്ടേറിയറ്റ് തീപിടിത്തത്തിന് പുറമേ സ്വർണക്കടത്തും ചൂണ്ടിക്കാട്ടിയാണ് യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് തകർത്ത് അകത്തു കയറാൻ ശ്രമിച്ച പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിരിഞ്ഞു പോകണമെന്ന് കാണിച്ച് പൊലീസ് ബാനർ ഉയർത്തി. എന്നാൽ പ്രവർത്തകർ പ്രതിഷേധം തുടർന്നു. ഇതേ തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഇതിന് പിന്നാലെ സെക്രട്ടേറിയറ്റിലേക്ക് ബിജെപി പ്രവർത്തകരും മാർച്ച് നടത്തി. ഇതേ സമയം തന്നെ എസ്ഡിപിഐ പ്രവർത്തകരും സർക്കാരിനെതിരെ പ്രതിഷേധിച്ചു. വൻ പൊലീസ് സന്നാഹമെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.
കണ്ണൂര്‍ കലക്ടറേറ്റിലും കൊച്ചിയിലും യുവമോര്‍ച്ച, ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പല ജില്ലകളിലും പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. മഹിളാ കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ നേരത്തെ പ്രതിഷേധ സമരം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.