സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാൻ അരയും തലയും മുറുക്കി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗികൾക്കായി ഓട്ടോറിക്ഷകളും ആംബുലൻസാക്കാൻ ഒരുങ്ങി കേരള സർക്കാർ.
കോവിഡ് രോഗികൾക്ക് ഓക്‌സിജൻ നൽകാനുള്ള സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ഓട്ടോറിക്ഷകൾ സജ്ജമാക്കി ഒരോ പഞ്ചായത്തിലും വാർഡ് തലത്തിൽ ഒരുക്കാനാണ് നീക്കം.ഇത് കൂടാതെ ഇവ ഓടിക്കാനായി സന്നദ്ധരായ ഡ്രൈവർമാരെ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ശ്രമവും ആരംഭിച്ചിട്ടുണ്ട്.
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തെരഞ്ഞെടുക്കുന്ന ഡ്രൈവർമാരുടെ സ്മാർട് ഫോണുകൾ ജില്ലാതല കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കും. ഫോണിലെ ജി പി എസ് സംവിധാനം ഉപയോഗിച്ച് ഇവർ എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ നിന്ന് തന്നെ കണ്ടെത്താനും സാധിക്കും.
ഈ ക്രമീകരണം സജ്ജമായാൽ കിടപ്പുരോഗികൾ അല്ലാത്ത കോവിഡ് ബാധിതരെ ഓട്ടോറിക്ഷകളിലായിരിക്കും ആശുപത്രിയിലേക്ക് മാറ്റുക.
സംസ്ഥാനത്ത് എറണാകുളത്താണ് പദ്ധതി ആദ്യം നടപ്പാക്കുക. ഇതോടെ ആംബുലൻസുകളുടെ ദൗർലഭ്യം ഇതിലൂടെ പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്.