ആയുസിന്റെ കാര്യത്തില്‍ മുന്നില്‍ മലയാളി തന്നെ വമ്പന്‍; കേരളത്തിലെ സ്ത്രീകള്‍ക്ക് ആയുസ് കൂടുതലെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: ആയുസ്സിന്റെ കാര്യത്തില്‍ രാജ്യത്ത് മലയാളിക്ക് ഒന്നാം സ്ഥാനം. കേരളത്തിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 74.9 വയസ്സാണെന്ന് സെന്‍സസ് വകുപ്പു പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേരളത്തില്‍ പുരുഷന്മാരെ അപേക്ഷിച്ച് വനിതകള്‍ക്ക് ആയുസ്സ് കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ ശരാശരി 77.8 വയസ്സ് വരെ ജീവിക്കുമ്പോള്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 72 വയസ്സാണ്.

ഗ്രാമീണമേഖലയില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം സംസ്ഥാന ശരാശരിക്കു തുല്യമാണ് 74.9 വയസ്സ്. വനിതകളുടെ ആയുര്‍ദൈര്‍ഘ്യം 78.1 വയസ്സും പുരുഷന്മാരുടേത് 71.7 വയസ്സുമാണ്. നഗരമേഖലയില്‍ കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യം 75 വയസ്സ്.
പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 72.7 വയസ്സും വനിതകളുടേത് 77.1 വയസ്സുമാണ്. ആശുപത്രികളുടെ എണ്ണം കൂടിയതും ആരോഗ്യപരിരക്ഷാ സംവിധാനം മെച്ചപ്പെട്ടതുമാണു പ്രധാനമായും സംസ്ഥാനത്തെ ആയുര്‍ദൈര്‍ഘ്യം കൂടാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെന്‍സസ് വകുപ്പ് സാംപിള്‍ റജിസ്ട്രേഷന്‍ സംവിധാനത്തില്‍ (എസ്ആര്‍എസ്) സമാഹരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ടു പുറത്തിറക്കിയത്. 197075 കണക്കാക്കിയാണു സെന്‍സസ് വകുപ്പ് ആദ്യ എസ്ആര്‍എസ് ആയുര്‍ദൈര്‍ഘ്യ പട്ടിക തയാറാക്കിയത്.
അന്നും ആയുര്‍ദൈര്‍ഘ്യ ശരാശരിയില്‍ കേരളമായിരുന്നു മുന്നില്‍ 62 വയസ്സ്. ഏറ്റവും പിന്നില്‍ യുപി 43 വയസ്സ്. 201014ലെ റിപ്പോര്‍ട്ടില്‍ അസമാണു പിന്നില്‍ 63.9 വയസ്സ്.

കേരളത്തില്‍ ഗ്രാമീണമേഖലയിലാണു വനിതകളുടെ ആയുര്‍ദൈര്‍ഘ്യം കൂടുതല്‍. മറ്റു സംസ്ഥാനങ്ങളില്‍ നഗരങ്ങളിലെ വനിതകളുടെ ആയുര്‍ദൈര്‍ഘ്യമാണു കൂടുതല്‍. ദേശീയ ആയുര്‍ദൈര്‍ഘ്യ ശരാശരി 70 വയസ്സാണ്.
വനിതകളുടെ ആയുര്‍ദൈര്‍ഘ്യം ദേശീയ ശരാശരി 71.9 വയസ്സും പുരുഷന്മാരുടേത് 68.3 വയസ്സുമാണ്. ഗ്രാമീണമേഖഖലയില്‍ ദേശീയ ശരാശരി 69 വയസ്സ്. പുരുഷന്മാരുടേത് 67.3 വയസ്സും വനിതകളുടേത് 70.9 വയസ്സുമാണ്. നഗരമേഖലയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 72.6 വയസ്സ്. പുരുഷന്മാരുടേത് 71 വയസ്സും വനിതകളുടേത് 74.4 വയസ്സുമാണ്.

Top