പത്തനംതിട്ട: കേരളം മഴക്കെടുതിയിൽ സ്ഥിതിഗതികൾ അതി സങ്കീർണമാക്കുന്നു .നൂറുകണക്കിന്ന് ജീവനുകൾ ജീവനും കയ്യിൽ പിടിച്ചുകൊണ്ട് ദയനീയ അവസ്ഥയിൽ ആണ് .ജീവനും കയ്യിൽപ്പിടിച്ച് ഈ രാത്രി ചെലവഴിക്കാൻ വിധിക്കപ്പെട്ട് നൂറു കണക്കിനുപേരാണുള്ളത് . കനത്ത മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തുടനീളം ജനജീവിതം സ്തംഭിപ്പിച്ചിരിക്കയാണ് . പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് നേരം ഇരുട്ടിവെളുക്കുമ്പോൾ ജീവനോടെയുണ്ടാകുമോ എന്നു പോലുമറിയാതെ പ്രായമായവരും സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറു കണക്കിനുപേർ ഒറ്റപ്പെട്ടു കിടക്കുന്നത്. രാവിലെ മുതൽ വെള്ളത്തിനടിയിലായ റാന്നി, കോന്നി മേഖലകളിലാണ് കൂടുതൽ പേർ കുടുങ്ങിയിരിക്കുന്നത്. രാത്രി വൈകിയും കനത്ത മഴ തുടരുന്നതിനാൽ വെള്ളം അടിക്കടി ഉയരുന്നത് കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
അഗ്നിശമന സേനയെയും ദേശീയ ദുരന്തനിവാരണ സേനയെയും പൊലീസിനെയും ലഭ്യമായ നമ്പറുകളിലെല്ലാം വിളിച്ചെങ്കിലും കിട്ടുന്നില്ലെന്നാണ് കുടുങ്ങിക്കിടക്കുന്നവരുടെ പരാതി. കലക്ടറേറ്റിൽ ഉൾപ്പെടെ വിളിച്ചുനോക്കിയെങ്കിലും ഫോണെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഫോണിൽ കിട്ടിയവരോട് ദുരവസ്ഥ വിവരിച്ചെങ്കിലും രാത്രി വൈകിയും ആരും എത്തിയിട്ടില്ല. മിക്കവരും ഭക്ഷണം കിട്ടാതെ അവശരാണ്. ഇപ്പോൾത്തന്നെ അരയ്ക്കൊപ്പം വെള്ളത്തിൽ കഴിയുമ്പോൾ കണ്‍മുന്നിൽ ജലനിരപ്പുയരുന്നതിന്റെ പരിഭ്രാന്തിയിലാണ് ആളുകൾ.
അതേസമയം, നിലവിലുള്ള സാഹചര്യം കലക്ടറെ ധരിപ്പിക്കുന്നതിൽ ബന്ധപ്പെട്ടവർക്ക് വീഴ്ച സംഭവിച്ചെന്നും ആക്ഷേപമുണ്ട്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്ന അഗ്നിശമന സേനാ, പോലീസ്, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർക്കും ഭക്ഷണം ലഭ്യമാക്കുന്നതിൽ വീഴ്ച സംഭവിച്ചു.
ആളുകൾ കുടുങ്ങിക്കിടക്കുന്ന മേഖലകൾ
ചക്കിട്ടപടി, കോഴിപ്പാലം, ആറാട്ടുപുഴ, മാലക്കര, തുരുത്തിമല, അയ്യൻകോയിക്കൽ, കുളമാക്കുഴി എന്നിവിടങ്ങളിൽ നൂറിലധികം കുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നതായാണ് റിപ്പോർട്ട്. മാലക്കര, വഞ്ചിത്തറ ഭാഗങ്ങളിലും ഒട്ടേറെപ്പേർ വീടുകളിൽ കുടുങ്ങിയിട്ടുണ്ട്. ആറന്മുള സഹകരണ എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ പെൺകുട്ടികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ആറന്മുള ഐക്കരമുക്കിൽ നിന്ന് കിടങ്ങന്നൂർക്കു പോകുന്ന വഴിയിൽ കാനറ ബാങ്കിന്റെ മുകളിലത്തെ നിലയിൽ രണ്ടു കുംടുംബങ്ങൾ കുടുങ്ങിയിട്ടുണ്ട്. കോഴഞ്ചേരി ചെറുപുഴക്കാട്ട് ദേവീക്ഷേത്രത്തിന് സമീപമുള്ള അഞ്ചു കുടുംബങ്ങൾ വീടുകളിൽ അകപ്പെട്ട് കിടക്കുന്നു.
കോയിപ്രം പഞ്ചായത്തിലെ കരിയിലമുക്ക്, പുല്ലാട് പോലീസ് സ്റ്റേഷൻ ഭാഗം, വരയന്നൂർ, ചാത്തൻപാറ, ഉള്ളൂർക്കാവ് എന്നിവിടങ്ങളിൽ 35 കുടുംബങ്ങൾ കുടുങ്ങിയിട്ടുണ്ട്. മാരാമൺ ലത്തീൻ കത്തോലിക്കാ പള്ളിയിൽ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ കുറച്ചു പേരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. കവിയൂർ സ്വദേശികളാണ് ഇവരിൽ ഭൂരിഭാഗവും. ആറന്മുള, ചെറുകോൽ ഭാഗങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾ വീടിന്റെ ഒന്നാമത്തെ നിലയിൽ കുടുങ്ങിയിട്ടുണ്ട്. തൊട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫിസിനു പിന്നിൽ അഞ്ചു വീടുകളുടെ മുകളിൽ മുപ്പതിലധികം പേർ കുടുങ്ങി. ഒന്നാം നിലയിലേക്ക് വെള്ളം കയറിത്തുടങ്ങി. രക്ഷാപ്രവർത്തനത്തിന് ആരുമില്ല.
മലപ്പുഴശ്ശേരി പഞ്ചായത്തിലെ മുല്ലശ്ശേരി ചിറയിൽ അഞ്ചു കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു. കോഴിപ്പാലത്തെ ഹോസ്റ്റലിലും കുട്ടികൾ അകപ്പെട്ടിട്ടുണ്ട്. ചെറുകോൽ ഭാഗത്ത് വള്ളം ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെങ്കിലും ഒന്നാം നിലയിൽ കുടുങ്ങിയവരെ വള്ളം വഴി രക്ഷിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇവിടെ നേവിയുടെ സഹായം വേണമെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
പ്രതിസന്ധി തീർത്ത് സൗകര്യക്കുറവ്
അതേസമയം, മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രാത്രി ഒന്നും ചെയ്യാൻ നിർവാഹമില്ലെന്നാണ് അധികൃതരുടെ നിലപാട്. ആളുകൾ കുടുങ്ങിക്കിടക്കുന്ന മേഖലകളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവർ കൂടെയില്ലാത്തതും രാത്രി പരിശോധന നടത്തി ആളുകളെ രക്ഷപ്പെടുത്താൻ വെളിച്ചമുൾപ്പെടെയുള്ള സൗകര്യങ്ങളില്ലാത്തതുമാണ് പ്രതിസന്ധി തീർക്കുന്നത്. അഗ്നിശമന സേനയക്ക് ആവശ്യത്തിനുള്ള ഡിങ്കികളും ബോട്ടും ജീവനക്കാരും ഇല്ലാത്തതും രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. നേരം പുലർന്നാൽ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്നും അധികൃതർ വ്യക്തമാക്കുന്നു.അതേസമയം, ആളുകൾ കുടുങ്ങിക്കിടക്കുന്ന മേഖലകളിലെല്ലാം നേരത്തെതന്നെ അപകട മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആളുകൾ വീടുകൾ ഒഴിയാൻ കൂട്ടാക്കാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് അധികൃതരുടെ ഭാഷ്യം.