കോട്ടയം: കെവിന്‍ വധക്കേസില്‍ കുറ്റാന്വേഷണ ചട്ടങ്ങള്‍ പൊലീസ് ലംഘിച്ചതായി ആരോപണം. പോസ്റ്റ്‌മോര്‍ട്ടത്തിലും ഫോറന്‍സിക് പരിശോധനയിലും നിയമം അട്ടിമറിച്ചു. മുഖ്യസാക്ഷിയായ അനീഷിന്റെ മൊഴി ആവശ്യാനുസരണം പൊലീസ് മാറ്റി. നിര്‍ണായകവിവരങ്ങള്‍ രേഖപ്പെടുത്തിയില്ല. ആരോപണവിധേനായ എസ്‌ഐ എംഎസ് ഷിബുവാണ് അന്വേഷണം നടത്തുന്ന എഫ്‌ഐആര്‍ തയ്യാറാക്കിയത്. പൊലീസ് നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന.
അക്രമിസംഘത്തില്‍ നിന്ന് രക്ഷപെടാൻ ഓടിയ കെവിൻ ചാലിയക്കര പുഴയിൽ വീണ് മരിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കെവിന്റെ ബന്ധു അനീഷിന്റെ മൊഴി, പോസ്റ്റ് മോര്‍ട്ട് റിപ്പോർട്ട്, പ്രതികളുടെ മൊഴി എന്നിവയാണ് ഇത് സ്ഥിരീകരിക്കാന്‍ പൊലീസ് നിരത്തുന്നത്. ഇതേ കാര്യങ്ങളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ചു പൊലീസിന് മറുപടിയില്ല.
കെവിന്റെ ബന്ധു അനീഷിന്റെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ അനീഷ് പറഞ്ഞ നിര്‍ണായക കാര്യങ്ങള്‍ പൊലീസ് മൊഴിയില്‍ രേഖപ്പെടുത്തിയില്ല. കാറിനുള്ളില്‍ വെച്ചുള്ള മര്‍ദനത്തില്‍ കെവിന്‍ അവശനായിരുന്നുവെന്ന് സൂചിപ്പിക്കുന്ന അനീഷിന്റെ മൊഴിയും ഒഴിവാക്കപ്പെട്ടു. അന്വേഷണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്ഐ എം.എസ്. ഷിബു തയ്യാറാക്കിയ എഫ്ഐആറിലാണ് അന്വേഷണംമെന്നതും സംശയം വര്‍ധിപ്പിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടവും തുടര്‍ന്ന് നടന്ന ഫൊറന്‍സിക് പരിശോധനയുമാണ് കേസ് അട്ടിമറിക്കാനുള്ള പൊലീസ് നീക്കത്തിന്‍റെ മറ്റു ഉദാഹരണങ്ങള്‍.
കൊല്ലം, തിരുവനന്തപുരം, ജില്ലകളിലെ മരണത്തിൽ പോസ്റ്റ് മോര്‍ട്ടം നടത്തേണ്ടത് തിരുവനന്തപുരം മെഡിക്കൽ കോളജിലെ പൊലീസ് സർജനാണ്. കെവിന്റെ മൃതദേഹം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. എന്നാൽ പോസ്റ്റ് മോര്‍ട്ടം നടന്നത് കോട്ടയം മെഡിക്കൽ കോളെജിലാണ്. പൊലീസ് സർജന്റെ പദവിയുള്ള മെഡിക്കൽ കോളെജ് ഫൊറൻസിക് വകുപ്പു മേധാവി നേരിട്ടു ചെയ്യേണ്ട പോസ്റ്റ് മോർട്ടം ഡെപ്യൂട്ടി പൊലീസ് സർജനും അസിസ്റ്റന്റ് പൊലീസ് സർജനും ചേർന്ന് നടത്തി.