ഷാനുവിനെയും ചാക്കോയേയും കുടുക്കിയത് ബന്ധുക്കളുടെ മാതൃകാപരമായ ഇടപെടല്‍: അഭയം തേടി ചെന്നപ്പോള്‍ ഇറക്കി വിട്ടു

ഇരിട്ടി: കെവിന്റെ കൊലപാതക കേസില്‍ പ്രതികളെ കുടുക്കാന്‍ സഹായിച്ചത് ബന്ധുക്കളുടെ യുക്തിപരമായ ഇടപെടല്‍. മുഖ്യ പ്രതികളായ ഷാനു ചാക്കോയും പിതാവ് ചാക്കോയും പോലീസ് പിടിയിലായത് കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നാണ്. ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ പോലീസ് പിന്നാലെയുണ്ടെന്നു മനസിലാക്കിയതോടെയാണ് ഇരിട്ടിയിലേക്ക് കടന്നത്. ചാക്കോയുടെ സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു പദ്ധതി.

എന്നാല്‍ കേസിന്റെ ഗൗരവം മനസിലാക്കിയ അടുപ്പക്കാര്‍ അഭയം നല്‍കാന്‍ തയ്യാറായില്ല.അതിനിടെ പ്രതികള്‍ ഇരിട്ടി കരിക്കോട്ടക്കരിയില്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികള്‍ ഉപയോഗിച്ച ഫോണ്‍ നമ്ബര്‍ കണ്ടെത്തി പോലീസ് ലൊക്കേഷന്‍ മനസിലാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാനുവിനെയും പിതാവ് ചാക്കോയെയും പോലീസ് വലയിലാക്കിയത്.ബംഗളൂരുവില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു പ്രതികള്‍. ഇവരെ കോട്ടയത്തേക്ക് കൊണ്ടുപോയി. ഇവരുടെ ബന്ധു വീടുകളും സുഹൃത്തുക്കളുടെ വീടുകളും പോലീസ് നിരീക്ഷണത്തില്‍ ആയിരുന്നു.

മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് ഷാനുവിനെയും ചാക്കോയെയും പോലീസ് പിടികൂടിയത്.കെവിന്റെ കൊലപാതകം തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് എന്ന് കെവിന്റെ ഭാര്യ നീനു വെളിപ്പെടുത്തിയിരുന്നു.

Top