കെവിനെ മൃഗീയമായി കൊലപ്പെടുത്തിയ മുഖ്യപ്രതി ഷാനു ചാക്കോക്ക് ലുക്ക്ഔട്ട് നോട്ടീസ്..തിരച്ചില്‍ തമിഴ്‌നാട്ടിലേക്ക്

കൊല്ലം: കെവിനെ മൃഗീയമായി കൊലപ്പെടുത്തിയ മുഖ്യപ്രതി ഷാനു ചാക്കോ തിരുവനന്തപുരത്തുനിന്ന് തമിഴ്‌നാട്ടിലേക്ക് കടന്നെന്ന് പോലീസിന് വിവരം ലഭിച്ചു.പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.പുനലൂര്‍ ഡിവൈഎസ്പിയാണ് ഇതു സംബന്ധിച്ച നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കൃത്യം നടത്തിയ ശേഷം പത്തനാപുരം വഴി തിരുവനന്തപുരത്തേക്ക് വന്ന ഷാനു പേരൂര്‍ക്കടയിലെ ഭാര്യവീട്ടിലെത്തി തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.ഇയാളിപ്പോള്‍ നാഗര്‍കോവില്‍ ഭാഗത്തുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. നെടുമങ്ങാട്, പേരൂര്‍ക്കട പൊലീസ് വാഴവിളയിലെ ഷാനുവിന്റെ ഭാര്യവീട്ടിലെത്തി പരിശോധന നടത്തി.അതിനിടെ കെവിന്റെ ഭാര്യ നീനുവിന്റെ മാതാപിതാക്കള്‍ ഒളിവില്‍ പോയതായി സംശയം. പോലീസ് നിരീക്ഷണത്തിലുണ്ടായിരുന്ന ഇരുവരും ഇന്നലെ കോട്ടയത്തുണ്ടായിരുന്നുവെങ്കിലും പിന്നീട് മുങ്ങുകയായിരുന്നു.

അതേസമയം കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. മനസാക്ഷിയുള്ളവര്‍ക്ക് കണ്ടുനില്‍ക്കാന്‍ കഴിയാത്ത വിധം വികാരനിര്‍ഭരമായിരുന്നു വീട്ടിലെ കാഴ്ചകള്‍. മൃതദേഹം വച്ചിരിക്കുന്ന പെട്ടിക്കു മുകളിലേക്ക് വീണുകിടന്നാണ് കെവിന്റെ ഭാര്യ നീനുവും മാതാപിതാക്കളും സഹോദരിയും നിലവിളിച്ചത്. ഇവരെ പിടിച്ചുമാറ്റാന്‍ ആളുകള്‍ ശ്രമിച്ചുവെങ്കിലും കുടുംബത്തിന്റെ കണ്ണീരിനു മുന്നില്‍ നാട്ടുകാര്‍ക്കും ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെവിന്റെ മൃതദേഹത്തില്‍ വീണ് കിടന്ന് പൊട്ടിക്കരയുകയാണ് നീനു. കെവിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വീട്ടുകാര്‍ക്ക് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ വീടിനുള്ളിലാണ് മൃതദേഹം വച്ചിരിക്കുന്നത്. വൈകാതെ മൃതദേഹം വീടിനു പുറത്തുള്ള പന്തലിലേക്ക് മാറ്റും. നാട്ടുകാര്‍ക്കും മറ്റും അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇവിടെ സൗകര്യമുണ്ടായിരിക്കും. 2.30 ഓടെ സംസ്‌കാര ശുശ്രൂഷ വീട്ടില്‍ ആരംഭിക്കും. 3.30 ഓടെ കലക്ടറേറ്റിന് സമീപമുള്ള ഗുഡ് ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.NEENU CRY

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കിടയില്‍ കോട്ടയം മെഡിക്കല്‍ കോളജിന്റെ മുന്നില്‍ വലിയ പ്രതിഷേധവുമുണ്ടായി. രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ ദളിത് സംഘടനകളുടെയും പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. കല്ലേറും കൊടികെട്ടിയ വടികള്‍ ഉപയോഗിച്ച് പരസ്പരം അടിച്ചു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തകരും സി.എസ്.ഡി.എസ് അടക്കമുള്ള ദളിത് സംഘടനകളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നതോടെ കല്ലേറുണ്ടായി. മൃതദേഹം കൊണ്ടുപോയ ശേഷവും പ്രവര്‍ത്തകര്‍ ഇവിടെ ഏറ്റുമുട്ടി.

പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം നൽകി. പ്രതികൾ വിദേശത്തേക്കു കടക്കുന്നതു തടയുകയാണു ലക്ഷ്യം. തെന്മല സ്വദേശി നീനുവിന്റെ സഹോദരൻ സാനു ചാക്കോ ഉൾപ്പെടെ 10 പേരാണു കേസിൽ പ്രതികളായുള്ളത്. മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്. കെവിന്റേത് ദുരഭിമാനക്കൊലയായി വിലയിരുത്തിയ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഡിജിപി ലോക്നാഥ് ബെഹ്റയോട് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കെവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ച പൊലീസുകാരുടേതു മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നു മുന്‍ ആഭ്യന്തരമന്ത്രികൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനു മുന്നില്‍ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുത്തിയിരിപ്പു സമരം നടത്തി. കെവിന്റെ ബന്ധുക്കൾ ഗാന്ധിനഗർ സ്റ്റേഷൻ ഉപരോധിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.

കെവിന്റെ മരണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നു ബിജെപി നേതാവ് എം.ടി. രമേശും ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നതിന്റെ തെളിവാണ് കോട്ടയത്ത്‌ യുവാവിന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നു ചെങ്ങന്നൂരിലെ യുഡിഎഫ്‌ സ്ഥാനാർത്ഥി ഡി. വിജയകുമാർ പറഞ്ഞു.ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മർദിച്ച് അവശനാക്കിയശേഷം വഴിയിൽ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. അതിനിടെ, കെവിൻ പത്തനാപുരത്തുവച്ചു കാറിൽനിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അക്രമിസംഘം പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ കെവിന്റെ മൃതദേഹം തെന്മലയിലെ നീർച്ചാലിൽ കണ്ടെത്തുകയായിരുന്നു.

Top