കെവിന്‍ വധക്കേസില്‍ കോട്ടയം സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഈ മാസം പതിമൂന്നാം തീയതി വിധി പറയാനായി നിശ്ചയിച്ചിരുന്നുവെങ്കിലും കേസ് ദുരഭിമാനക്കൊലയാണോ എന്നതില്‍ വ്യക്തത വരുത്തുന്നതിനായാണ് വിധി ഇന്ന് പറയാനായി മാറ്റിയത്.
അതേസമയം, കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിച്ച ഈ കേസില്‍ മൂന്ന് മാസം കൊണ്ടാണ് കോട്ടയം സെഷന്‍സ് കോടതിവിചാരണ പൂര്‍ത്തിയാക്കിയത്. കെവിന്‍റെ ഭാര്യ നീനുവിന്‍റെ പിതാവും സഹോദരനുമടക്കം പതിനാല് പേരാണ് കേസിലെ പ്രതികള്‍.
പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ കെവിനെ നീനുവിന്‍റെ സഹോദരനും കൂട്ടരും തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് കെവിന്‍റെ മൃതദേഹം പോലീസ് കണ്ടെടുക്കുകയായിരുന്നു.