യുവാവിന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് മൃതദേഹം വികൃതമാക്കി..കെവിന്‍റെ കൊലയാളി സംഘത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കോട്ടയം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തിൽ ഡിവൈഎഫ്ഐ നേതാവും അനുയായികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസിന് വ്യക്തമായി. ഡിവൈഎഫ്ഐ തെന്മല യൂണിറ്റ് സെക്രട്ടറി നിയാസാണ് യുവാവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. സംഘത്തിലെ മറ്റൊരു പ്രധാനിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ ഇഷാനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഉയർന്ന സാന്പത്തിക നിലയിലുള്ള തെന്മല സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച കെവിൻ (23) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ മാന്നാനത്തെ വീട്ടിൽ നിന്നാണ് കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് അനീഷിനെ സംഘം പത്തനാപുരത്ത് വച്ച് വാഹനത്തിൽ നിന്ന് ഇറക്കിവിട്ട ശേഷം കെവിനെ കൊണ്ടുപോവുകയായിരുന്നു. ഇന്ന് രാവിലെ പുനലൂരിൽ നിന്നും പത്ത് കിലോമിറ്റർ അകലെ ചാലിയക്കര തോട്ടിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് പോലീസ് സാഹചര്യ തെളിവുകൾ വച്ച് സ്ഥിരീകരിച്ച് കഴിഞ്ഞു. മൃതദേഹത്തിൽ മാരകമായ മുറിവുകൾ ദൃശ്യമാണ്. തലയിൽ ആഴത്തിൽ മുറിവേറ്റ പാടുണ്ട്. ശരീരം നിലത്തുകൂടെ വലിച്ചിഴച്ചതിന്‍റെ പാടുകളും ദൃശ്യമാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.KEVIN MURDER DYFI

പെണ്‍കുട്ടിയുടെ സഹോദരൻ ഷാനു ഉൾപ്പടെ പത്തംഗ സംഘത്തെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘത്തിലെ ഒരാൾ മാത്രമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് വച്ചല്ല യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മാരകമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കൊലയാളി സംഘം മൃതദേഹം തോട്ടിൽ തള്ളിയതാകാമെന്നാണ് സംശയിക്കുന്നത്.

സാന്പത്തികമായി നല്ല നിലയിലുള്ള കുടുംബത്തിന് പ്രാദേശിക സിപിഎം നേതൃത്വത്തിന്‍റെ പിന്തുണ തട്ടിക്കൊണ്ടുപോകലിന് ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പോലീസിന്‍റെ ഒത്താശയോടെ നടന്ന കൊലപാതകമാണിതെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു. യുവാവിനെ തട്ടിക്കൊണ്ടുപോയ ശേഷവും ഗാന്ധിനഗർ എസ്ഐ കൊലയാളി സംഘത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കാണാതായതോടെ പരാതിയുമായി എത്തിയ യുവാവിന്‍റെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് എസ്ഐ തട്ടിക്കൊണ്ടുപോയ ഗുണ്ടാസംഘത്തെ വിളിച്ചത്. ഇവർ യുവാവിനെ തിരിച്ചെത്തിക്കുമെന്നായിരുന്നു എസ്ഐ പറഞ്ഞത്. അതിനാൽ യുവാവിന്‍റെ ബന്ധുക്കളുടെ പരാതി സ്വീകരിക്കാൻ പോലും എസ്ഐ തയാറായിരുന്നില്ല.

ഞായറാഴ്ച എൽഡിഎഫ് സർക്കാരിന്‍റെ രണ്ടാം വാർഷികത്തിന്‍റെ ആഘോഷം കോട്ടയത്ത് നടന്നിരുന്നു. മുഖ്യമന്ത്രി കൂടി പങ്കെടുത്ത് ഈ പരിപാടിക്ക് സുരക്ഷ ഒരുക്കണമെന്ന കാരണം പറഞ്ഞാണ് ഇവർ യുവാവിന്‍റെ ബന്ധുക്കളുടെ പരാതി അവഗണിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുക്കൾ ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസുകാർക്ക് വൻ തോതിൽ കൈക്കൂലി നൽകിയെന്നും വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. കൈക്കൂലി നൽകിയ കാര്യം പെണ്‍കുട്ടിയുടെ സഹോദരൻ തന്നെ പറഞ്ഞിട്ടുണ്ടെന്ന് യുവാവിന്‍റെ ബന്ധുക്കൾ പറഞ്ഞു.

Top