കെവിന്‍ വധക്കേസ്: ഗാന്ധിനഗര്‍ എസ്‌ഐ നിയമലംഘനം നടത്തിയെന്ന് ഏറ്റുമാനൂര്‍ കോടതി

കോട്ടയം: കെവിന്‍ വധക്കേസില്‍ ഗാന്ധിനഗര്‍ എസ്‌ഐ നിയമലംഘനം നടത്തിയതായി കോടതി. ഏറ്റുമാനൂര്‍ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചാക്കോയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് എസ്‌ഐ ആയിരുന്ന എംഎസ് ഷിബു ആണെന്നാണ് കോടതിയുടെ വിശദീകരണം. പൊലീസ് സ്റ്റേഷനില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ചാക്കോയ്ക്ക് ഒപ്പം ചേര്‍ന്ന് ശ്രമിച്ചതായും കോടതി അറിയിച്ചു. നീനുവിനെ കാണാനില്ലെന്ന ചാക്കോയുടെ പരാതിയില്‍ പൊലീസ് എടുത്ത നടപടിക്കാണ് കോടതിയുടെ വിമര്‍ശനം.

മാന്നാനം സ്വദേശി കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഏറ്റുമാനൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ഭാര്യ നീനുവിന്റെ ചികിത്സാ രേഖകള്‍ എടുക്കാന്‍ കോടതി ഉത്തരവ് നല്‍കിയിരുന്നു. പുനലൂരിലെ വീട്ടിലുള്ള രേഖകളാണ് എടുക്കാന്‍ അനുമതി ലഭിച്ചത്. ഏറ്റുമാനൂര്‍ കോടതിയാണ് ഉത്തരവിട്ടത്. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അഭിഭാഷകന് രേഖകള്‍ വീട്ടില്‍ നിന്നെടുക്കാമെന്നായിരുന്നു ഉത്തരവ്. നീനുവിന് മാനസിക രോഗം ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ എടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ചാക്കോയുടെ അപേക്ഷ.

കേസില്‍ പൊലീസ് അന്വേഷണം തുടരവേ പുതിയ ആരോപണവുമായി നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ രംഗത്ത് വന്നിരുന്നു. തന്റെ മകള്‍ മാനസിക രോഗിയാണെന്ന വെളിപ്പെടുത്തലുമായാണ് ചാക്കോ രംഗത്തെത്തിയത്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചാക്കോ ജോണിന്റെ വാദം.

തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നതെന്നും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ വീട് മാറി നില്‍ക്കുന്നതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ്. തുടര്‍ ചികിത്സ നടത്താന്‍ കോടതി ഇടപെടണമെന്നും അദ്ദേഹം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ ചികിത്സയിലായിരുന്നു നീനു എന്നാണ് ഹര്‍ജിയില്‍ ചാക്കോ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

ഇപ്പോള്‍ താന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതുകൊണ്ടും മകള്‍ അന്യവീട്ടില്‍ നില്‍ക്കുന്നതുകൊണ്ടുമാണ് തുടര്‍ ചികിത്സ നടത്താന്‍ കഴിയാതെ വന്നിരിക്കുന്നത്. അതുകൊണ്ട് കോടതി ഇടപെട്ട് ഒരു ഷെല്‍റ്റര്‍ ഹോമിലേക്കു മാറ്റി നീനു ചാക്കോയ്ക്ക് തുടര്‍ചികിത്സ നല്‍കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ചാക്കോ നല്‍കിയ ഹര്‍ജി. കെവിന്‍ വധക്കേസിലെ അഞ്ചാം പ്രതിയാണ് പിതാവ് ചാക്കോ ജോണ്‍. യുവാവിന്റെ കൊലപാതക ഗൂഢാലോചനയില്‍ ചാക്കോയ്ക്കും പങ്കുണ്ടെന്നാണ് പൊലീസ് വാദം. നീനുവിന്റെ സഹോദരന്‍ ഷാനുവിനൊപ്പമാണ് ചാക്കോയെ കണ്ണൂരില്‍ നിന്നും അറസ്റ്റു ചെയ്തത്.

താന്‍ കുറ്റകൃത്യത്തില്‍ പങ്കാളിയല്ലെന്ന് രഹന നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. കെവിനും നീനുവും തമ്മിലുള്ള വിവാഹം അവരെ ആക്രമിക്കുന്നതിനുള്ള കാരണമല്ല. കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ട്. ഉചിതമായ വേദിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറാണെന്നും രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. കോടതി നിര്‍ദ്ദേശിക്കുന്ന ഏതു നിബന്ധനകളും പാലിക്കും. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമാക്കിയിരുന്നു.

കെവിന്റെ മരണം സംബന്ധിച്ച് നിലവില്‍ നടന്നുവരുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കെവിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണോ എന്ന് സംശയം ബലപ്പെട്ട സാഹചര്യത്തില്‍ തെളിവെടുപ്പ് കാര്യക്ഷമാക്കിയിരിക്കുന്നതെന്നാണ് സൂചന. കെവിന്റെ മരണത്തില്‍ പങ്കുള്ള പ്രതികള്‍ തെളിവുകളുടെ അഭാവത്തില്‍ രക്ഷപെടാനുള്ള അവസരം ഉണ്ടാവരുതെന്നും എല്ലാ പഴുതും അടച്ചുള്ള അന്വേഷണം വേണമെന്നും മുഖ്യമന്ത്രി പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതേത്തുടര്‍ന്നാണ് കോടതി വഴി കസ്റ്റഡി കാലാവധി നീട്ടി വാങ്ങി തെളിവെടുപ്പ് കൂടുതല്‍ ദിവസത്തേക്ക് ദീര്‍ഘിപ്പിക്കുന്നതെന്നാണ് സൂചന.

അച്ഛന്‍ ചാക്കോയും അമ്മ രഹനയും വിദേശത്തായിരുന്നതിനാല്‍ കൊല്ലത്തെ ബന്ധുവീടുകളില്‍ മാറിമാറി നിന്നാണ് നീനു വളര്‍ന്നത്. ഇതിനിടെയാണ് കോട്ടയത്തെ പഠനത്തിനിടെ കെവിനുമായി പ്രണയത്തിലാകുന്നത്. കോട്ടയം അമലഗിരി കോളേജില്‍ ബി.എസ്.സി ജിയോളജിക്ക് പഠിക്കുന്ന കാലത്താണ് കെവിനുമായി പരിചയപ്പെട്ടത്. ബസ് സ്റ്റാന്‍ഡില്‍ വെച്ച് സ്ഥിരമായി കണ്ടുള്ള പരിചയം പ്രണയത്തിന് വഴിമാറുകയായിരുന്നു. കെവിനുമായുള്ള പ്രണയബന്ധം വീട്ടില്‍ അറിഞ്ഞതു മുതല്‍ വീട്ടുകാര്‍ കടുത്ത എതിര്‍പ്പുയര്‍ത്തി. ഇതിനിടെ എതിര്‍പ്പ് അവഗണിച്ച് കെവിനുമായി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു നീനു. വീട്ടുകാര്‍ പുതിയ വിവാഹ ആലോചനയുമായി നീങ്ങിയതിനിടെയാണ് ഇവരുടെ പ്രണയ വിവാഹം. ഇതിനെ തുടര്‍ന്നുള്ള സഹോദരന്റെ ഇടപെടലാണ് കെവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

Top