കോട്ടയം കുടമാളൂർ കിംസ് ആശുപത്രിയിൽ വീട്ടമ്മ മരിച്ചു: ചികിത്സാ പിഴവെന്ന് ആരോപണം: വെസ്റ്റ് പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ
കോട്ടയം: കുടമാളൂർ കിംസ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ച സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. നടുവേദനയുമായി പത്തു ദിവസം ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി  മരിച്ച സംഭവത്തിലാണ് ആശുപത്രി അധികൃതർക്കെതിരെ പരാതി ഉയർന്നിരിക്കുന്നത്. കി്ംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാരാപ്പുഴ ഭീമൻപടി പീടിമേക്കൽ പറമ്പിൽ ബിനു മാത്യുവിന്റെ ഭാര്യ ബിന്ദു തോമസ് (49) മരിച്ച സംഭവത്തിലാണ് വീണ്ടും കിംസ് ആശുപത്രി അധികൃതർ ആരോപണത്തിൽ കുടുങ്ങിയിരിക്കുന്നത്. വീട്ടമ്മയുടെ മരണത്തിൽ ആശുപത്രിയുടെ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളും രംഗത്ത് എത്തിയതോടെ ഇവരുടെ മരണത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കടുത്ത നടുവേദനയെ തുടർന്ന് പത്തു ദിവസം മുൻപാണ് ബിന്ദുവിനെ കോട്ടയം കുടമാളൂരിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സ തുടരുന്നതിനിടെ ഞായറാഴ്ച അർധരാത്രിയ്ക്ക് ശേഷം ഇവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
എന്നാൽ, ഇവിടെ മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. അസ്വസ്ഥത കൂടുതലായതോടെ ഇവിടെ നിന്നും കാരിത്താസ് ആശുപത്രിയിലേയ്ക്ക് ഇവരെ കൊണ്ടു പോയി. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. കിംസ് ആശുപത്രിയിൽ ഹൃദ് രോഗവിഭാഗം നിലവിലില്ല. അതുകൊണ്ടു തന്നെ ബിന്ദുവിന് നെഞ്ചുവേദനയുണ്ടായപ്പോൾ മതിയായ ചികിത്സ നൽകാൻ സാധിച്ചില്ലെന്നാണ് പരാതി. ഇതാണ് മരണ കാരണമെന്നും, കൃത്യ സമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിച്ചേനെയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കൾ പരാതിയുമായി വെസ്റ്റ് എസ്.ഐ എം.ജെ അരുണിനെ സമീപിച്ചതോടെയാണ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരിക്കുന്നത്.
എന്നാൽ, പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. നിരവധി അസുഖങ്ങൾ ഇവർക്കുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലെ സൂചന. അല്ലാതെ ഗുരുതര ചികിത്സാ പിഴവൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്.
ഒരു മാസത്തിനിടെ കിംസ് ആശുപത്രിയ്‌ക്കെതിരെ ഉയരുന്ന രണ്ടാമത്തെ ആരോപണമാണ് ഇത്. ഒക്ടോബർ 22 ന് കിംസ് ആശുപത്രിയിൽ വയറുവേദനയുമായി ചികിത്സ തേടിയ എട്ടു വയസുകാരി മരിച്ചിരുന്നു. ആർപ്പൂക്കര പനമ്പാലം കാവിൽ വീട്ടിൽ എ.വി ചാക്കോ മറിയം ദമ്പതികളുടെ മകൾ എയ്ൻ അൽഫോൺസ് ജുമേഷാണ് അന്ന് മരിച്ചത്. ഈ കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും കിംസ് ആശുപത്രിയ്‌ക്കെതിരെ ആരോപണം ഉയരുന്നത്. ഇതോടെ ആശുപത്രി വീണ്ടും വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ്.
Top