ബിജെപിയില്‍ കലാപം .. ജെയ്​റ്റിലിക്കെതിരെ പടയൊരുക്കം.അഡ്വാനി ഗ്രൂപ്പ്‌ നേതാക്കള്‍ യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി:കേന്ദ്രം ഭരിക്കുന്ന ബിജെപിയില്‍ കലാപക്കൊടിക്ക് തുടക്കം . കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബി ജെ പിയില്‍ ജയ്റ്റ്ലിക്കെതിരെ പടയൊരുക്കം തുടങ്ങിയിരിക്കയാണ്.. പാര്‍ട്ടി എംപി കീര്‍ത്തി ആസാദിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി ആയുധമാക്കി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വലംകൈയായ അരുണ്‍ ജയ്റ്റിലിക്കെതിരെയാണ്‌ പടയൊരുക്കം നടത്തുന്നത്‌. വിഷയത്തില്‍ നരേന്ദ്ര മോഡി തന്നെ ഇടപെടണമെന്ന നിലപാടാണ്‌ ഇവര്‍ സ്വീകരിച്ചിരിക്കുന്നത്‌.
കീര്‍ത്തി ആസാദും ഈ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു.

അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ എന്തിനാണ്‌ തന്നെ സസ്പെന്റ്‌ ചെയ്തതെന്ന്‌ വ്യക്തമല്ല. ഡിഡിസിഎ അഴിമതി പാര്‍ട്ടി കാര്യമല്ല. തന്റെ പോരാട്ടം അഴിമതിയ്ക്കെതിരെയാണെന്നും പാര്‍ട്ടിക്കെതിരെയല്ലെന്നും ആസാദ്‌ പറഞ്ഞു. തന്നെ സസ്പെന്റ്‌ ചെയ്തത്‌ എന്തിനാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ശാന്തകുമാര്‍, യശ്വന്ത്‌ സിന്‍ഹ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷം നേതാക്കള്‍ ഇതേകുറിച്ച്‌ കൂടുതല്‍ പ്രതികരിച്ചില്ല. ഞങ്ങള്‍ പരസ്പരം കണ്ടെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തെന്നും പിന്നീട്‌ ചായ കഴിച്ചെന്നും ഇതില്‍ കൂടുതലൊന്നും മാധ്യമങ്ങളോട്‌ പറയാന്‍ സാധിക്കില്ലെന്നുമാണ്‌ മുതിര്‍ന്ന ബി ജെപി നേതാവും മുന്‍ ഹിമാചല്‍ പ്രദേശ്‌ മുഖ്യമന്ത്രിയുമായ ശാന്തകുമാര്‍ പറഞ്ഞത്‌. അതേസമയം അരുണ്‍ ജയ്റ്റ്ലിക്കെതിരെ കീര്‍ത്തി ആസാദിന്റെ പരാമര്‍ശങ്ങള്‍ വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ്‌ ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയനിരീക്ഷകര്‍ കാണുന്നത്‌.modi-sad-with-amit-shah-getty
ജയ്റ്റ്ലിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ കീത്തിയെ സസ്പെന്‍ഡ്‌ ചെയ്ത നടപടി അഴിമതിയുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി നിലപാടിനെ കുറിച്ച്‌ തെറ്റായ സന്ദേശം നല്‍കുമെന്നാണ്‌ ഈ വിഭാഗം വിലയിരുത്തുന്നത്‌. മൂന്നുതവണ ലോക്സഭയിലെത്തിയ ഒരു എം പിക്കെതിരെ ഇത്തരം നടപടിയെടുക്കുന്നത്‌ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ബിഹാറിലുള്‍പ്പടെ പാര്‍ട്ടിക്ക്‌ ദോഷം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.
വിഷയത്തില്‍ ഇടപെടണമെന്ന്‌ ആസാദ്‌ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ ഇവര്‍ നാലുപേരും യോഗം ചേര്‍ന്നതെന്നാണ്‌ അറിയുന്നത്‌.മുതിര്‍ന്ന നേതാക്കളായ എല്‍കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി രാജ്നാഥ്‌ സിങ്‌ എന്നിവരുള്‍പ്പെട്ട മാര്‍ഗ്ഗ്നിര്‍ദ്ദേശ്‌ മണ്ഡല്‍ പ്രശ്നത്തില്‍ ഇടപെടണമെന്നാണ്‌ കീര്‍ത്തി ആസാദ്‌ ആവശ്യപ്പെട്ടിരുന്നത്‌. അമിത്‌ ഷാ പാര്‍ട്ടി അധ്യക്ഷനായ ശേഷം രൂപീകരിച്ച മാര്‍ഗനിര്‍ദ്ദേശക്‌ മണ്ഡല്‍ ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുരളി മനോഹര്‍ ജോഷിയുടെ വീട്ടില്‍ കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മോഡി-അമിത്‌ ഷാ സഖ്യത്തിനേറ്റ തിരിച്ചടിയെത്തുടര്‍ന്ന്‌ ഈ നാലു നേതാക്കളും പാര്‍ട്ടി ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. പരസ്യപ്രസ്താവനയുള്‍പ്പെടെ വിവദാമായ അഭിപ്രായഭിന്നത പിന്നീട്‌ ആര്‍ എസ്‌ എസ്‌ നേതൃത്വം ഇടപെട്ടാണ്‌ താത്കാലത്തേക്ക്‌ ശമിപ്പിച്ചത്‌. ഇതിനു പിന്നാലെയാണ്‌ ജയ്റ്റ്ലിക്കെതിരായ പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്‌.
അതേ സമയം സപെന്‍ഷന്‍ നോട്ടീസിന്‌ മറുപടി നല്‍കാന്‍ കീര്‍ത്തി ആസാദിനെ സഹായിക്കുമെന്നും ആസാദിനെ പോലൊരാളെ ബിജെപി നഷ്ടപ്പെടുത്തുമെന്ന്‌ കരുതുന്നില്ലെന്നും പാര്‍ട്ടി നേതാവ്‌ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ആസാദ്‌ ഇപ്പോഴും ബിജെപി അംഗമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. ഇതിനിടെ കീര്‍ത്തി ആസാദിനെതിരായ നടപടി എന്തിനെന്ന്‌ ബിജെപി വ്യക്തമാക്കണമെന്ന്‌ കോണ്‍ഗ്രസ്‌ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

 

അഴിമതി തുറന്ന്‌ കാട്ടിയതിനാണോ ആസാദിനെതിരെ നടപടിയെടുത്തതെന്നും രാഹുല്‍ ചോദിച്ചു.ജയ്റ്റ്ലി ഡല്‍ഹി ആന്റ്‌ ഡിസ്ട്രിക്ട്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍(ഡിഡിസിഎ) പ്രസിഡന്റായിരിക്കെ വ്യാജ കമ്പനികള്‍ക്ക്‌ കോടിക്കണക്കിന്‌ രൂപയും അനധികൃത കരാറുകളും നല്‍കിയെന്ന ആരോപണമുന്നയിച്ചതിനാണ്‌ പാര്‍ട്ടി നടപടി. അഴിമതിയെക്കുറിച്ച്‌ ആരോപണമുന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനും മറ്റ്‌ നാല്‌ എഎപി നേതാക്കള്‍ക്കുമെതിരെ ജയ്റ്റ്ലി മാനനഷ്ടക്കേസ്‌ കൊടുത്തിരുന്നു. ആസാദിനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന്‌ പാര്‍ട്ടിയില്‍ വിമര്‍ശനം ശക്തമായിരുന്നു. ജയ്റ്റ്ലി പ്രസിഡന്റായിരുന്ന 2013 വരെയുള്ള 13 കൊല്ലം നടന്ന ക്രമക്കേട്‌ സംബന്ധിച്ചാണ്‌ ഞായറാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ കീര്‍ത്തി ആസാദ്‌ തുറന്നടിച്ചത്‌. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ചരിത്രത്തിലാദ്യമായാണ്‌ പാര്‍ട്ടി എം പി തന്നെ മന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നത്‌. തന്റെ തന്നെ നേതൃത്വത്തിലുള്ള വിക്കിലീക്സ്‌ ഫോര്‍ ഇന്ത്യ എന്ന സംഘടന നടത്തിയ രഹസ്യാന്വേഷണത്തിലെ ദൃശ്യങ്ങള്‍ സഹിതമാണ്‌ മുന്‍ ക്രിക്കറ്റ്‌ താരം കൂടിയായ എംപി ആരോപണമുന്നയിച്ചത്‌.ഹോക്കി ഇന്ത്യ ഉപദേശക സമിതി അംഗമായിരിക്കെ ജെയ്റ്റ്ലി തന്റെ മകള്‍ സോണാലി ജെയ്റ്റ്ലിയെ ഹോക്കി ഇന്ത്യയുടെ അഭിഭാഷകയാക്കിയെന്ന ആരോപണവുമായി മുന്‍ ഐപിഎസ്‌ ഉദ്യോഗസ്ഥന്‍ എം എസ്‌ ഗില്ലും രംഗത്ത്‌ എത്തിയിരുന്നു. ഇതു സംബന്ധിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ അദ്ദേഹം പരാതിയും നല്‍കിയിരുന്നു. ജെയ്റ്റ്ലിയുടെ മകള്‍ക്ക്‌ വന്‍ തുക വക്കീല്‍ ഫീസായി നല്‍കേണ്ടിവന്നുവെന്നും ഗില്‍ കത്തില്‍ സൂചിപ്പിച്ചിരുന്നു.

Top