ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് മാത്രം; നേതാക്കള്‍ക്ക് ബാധകമല്ല, എഎന്‍ രാധാകൃഷ്ണന്‍ അടുത്ത വിവാദത്തില്‍

കൊച്ചി: സെക്രട്ടറിയേറ്റിന് സമീപത്തായുള്ള ബിജെപി സമരപന്തലിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ പൊതുജനം വലയുകയാണ്. എന്നാല്‍ നേതാക്കള്‍ക്ക് മാത്രം ഹര്‍ത്താലില്‍ ദുരിതമില്ല. ഹര്‍ത്താല്‍ പ്രഖ്യാപിച്ച പാര്‍ട്ടിയുടെ പ്രമുഖ നേതാവ് സഞ്ചരിക്കുന്നത് കാറില്‍. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് സഹോദരന്റെ മകളുടെ വിവാഹത്തിന് കാറില്‍ സഞ്ചരിച്ചത്. കാറിന്റെ മുന്‍ സീറ്റില്‍ ഇരുന്ന് എ.എന്‍ രാധാകൃഷ്ണന്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.
വിവാഹത്തിനായി കൊച്ചി പേട്ട ശ്രീപൂര്‍ണ ആഡിറ്റോറിയത്തില്‍ എത്തുന്നതിന്റെയും വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ പൊതുജനങ്ങളെ വിഡ്ഢികളാക്കി ഹര്‍ത്താല്‍ ലംഘിക്കുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ഇന്നലെ അപ്രതീക്ഷമായി പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലും ഇതിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അതേസമയം ഹര്‍ത്താലില്‍ പൊതുജനങ്ങള്‍ വാഹനങ്ങള്‍ കിട്ടാതയും ആവശ്യസാധനങ്ങള്‍ കിട്ടാതെയും വലഞ്ഞു. തിരുവനന്തപുരത്തും ചെങ്ങന്നൂരും നിരവധി അയ്യപ്പഭക്തര്‍ വാഹനം ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്നു.

Top