തലസ്ഥാനത്ത് ഇടതു വലതു മുന്നണികൾ ഒപ്പത്തിനൊപ്പം; അക്കൗണ്ട് തുറക്കാൻ ബിജെപിക്കു ഇനിയും കാത്തിരിക്കേണ്ടി വരും

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: പതിനാല് നിയോജക മണ്ഡലങ്ങളുള്ള തിരുവനന്തപുരം ജില്ലയിലെ സീറ്റുകൾ ഇടതു – വലതു മുന്നണികൾ തുല്യമായി വീതം വയ്ക്കുമെന്നു ഇന്റലിജൻസ് റിപ്പോർട്ട്. ഏഴു വീതം സീറ്റുകൾ യുഡിഎഫും എൽഡിഎഫും തുല്യമായി വീതിച്ചെടുക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
നെയ്യാറ്റിൻകരയിൽ സിറ്റിങ് എംഎൽഎ ആർ.ശെൽവരാജും, കാട്ടാക്കടയിൽ എൻ.ശക്തനും, അരുവിക്കരയിൽ ശബരീനാഥും, തിരുവനന്തപുരത്ത് വി.എസ് ശിവകുമാറും, വട്ടിയൂർക്കാവിൽ കെ.മുരളീധരനും, കഴക്കൂട്ടത്ത് എം.എ വാഹിദും, വർക്കലയിൽ വർക്കല കഹാറും യുഡിഎഫ് സ്ഥാനാർഥികളായി വിജയിച്ചു കയറുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നത്. മുപ്പതിനായിരത്തിടുത്ത് വോട്ടിന്റെ ഭൂരിപക്ഷവുമായി കെ.മുരളീധരൻ ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടുമ്പോൾ, ഇടതു സ്ഥാനാർഥി ടി.എൻ സീമ വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. നെയ്യാറ്റിൻകര, കഴക്കൂട്ടം നിയോജക മണ്ഡലങ്ങളിൽ വിജയം എങ്ങോട്ടു വേണമെങ്കിലും മാറാനുള്ള സാധ്യതയും ഇന്റലിജൻസ് പ്രവചിക്കുന്നു. രണ്ടിടത്തും രണ്ടായിരത്തിനും അയ്യായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷം മാത്രമാണ് സ്ഥാനാർഥികൾക്കു പ്രവചിക്കുന്നത്.
ബിജെപി പ്രസ്റ്റീജ് മത്സരമായി കാണുന്ന നേമത്ത് ഇടതു സ്ഥാനാർഥി വി.ശിവൻകുട്ടി ഏഴായിരം മുതൽ പതിനായിരം വരെയുള്ള വോട്ടിനു വിജയിക്കും. ഇവിടെ ഒ.രാജഗോപാൽ രണ്ടാം സ്ഥാനത്ത് വരുമ്പോൾ, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം മാത്രം പാർട്ടി മാറിയെത്തിയ വി.സുരേന്ദ്രൻപിള്ള മൂന്നാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെടും. കോവളത്ത് സിറ്റിങ് എംഎൽഎ ജമീലാ പ്രകാശവും, വാമനപുരത്ത് ഡി.കെ മുരളിയും, നെടുമങ്ങാടി സി.ദിവാകരനും, ചിറയിൻകീഴ് വി.ശശിയും, ആറ്റിങ്ങലിൽ ബി.സത്യനും വിജയിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
ജില്ലയിലെ മൂന്നു മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തു വരുമ്പോൾ രണ്ടിടത്തു വീതം ഇടതും വലതും മൂന്നാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെടും. വട്ടിയൂർക്കാവിലും, കഴക്കൂട്ടത്തും ഇടതു സ്ഥാനാർഥികൾ മൂന്നാം സ്ഥാനത്താകുമ്പോൾ, നേമത്തും നെടുമങ്ങാടും യുഡിഎഫ് സ്ഥാനാർഥികൾ മൂന്നാം സ്ഥാനത്താകും. തിരുവനന്തപുരം പിടിക്കുന്നവർ സംസ്ഥാന ഭരണം പിടിക്കുമെന്ന ധാരണ സജീവമായ കേരളത്തിൽ പക്ഷേ, ഇക്കുറി ചിത്രം വ്യക്തമാക്കാതെ തിരുവനന്തപുരം ഒപ്പം പിടിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top