തൃശൂര്‍: കെ.എം. മാണിയെയും പാര്‍ട്ടിയെയും ഇടതുമുന്നണിയില്‍ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം എല്‍ഡിഎഫിന് വിടാനാണ് തീരുമാനമെന്ന് സിപിഐഎം സമ്മേളനത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഇതോടെ ഇടതുമുന്നണി പ്രവേശനത്തിന് കെ.എം. മാണി കാത്തിരിക്കേണ്ടിവരുമെന്നാണ് വിവരം. മാണിയെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന സിപിഐ നിലപാടു പരേക്ഷമായി സിപിഐഎം സംഘടനാ റിപ്പോര്‍ട്ട് അംഗീകരിച്ചു. അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും മാണിയെയും സിപിഐഎം ഒരേ വേദിയിലെത്തിക്കുന്ന സെമിനാര്‍ ഇന്നു വൈകിട്ട് അഞ്ച് മണിക്കാണ്. ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്നതാണു സെമിനാര്‍ വിഷയം. സിപിഐഎമ്മില്‍നിന്നു പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പങ്കെടുക്കും. അതേസമയം, എല്‍ഡിഎഫ് വിപുലീകരണ വിഷയത്തില്‍ സിപിഐഎമ്മിനുള്ളിലും ഭിന്നതയുണ്ടെന്നു മാണി ബന്ധത്തെ എതിര്‍ത്തു ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിനു കത്തു നല്‍കിയതോടെ വ്യക്തമായി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു മാണിക്കെതിരെ പറഞ്ഞതെല്ലാം മറന്ന് അദ്ദേഹവുമായി കൂട്ടുചേരാനില്ലെന്നാണു സിപിഐയുടെ തീരുമാനം. ബജറ്റ് ദിനം നിയമസഭയ്ക്കകത്തു മാണി കടക്കുന്നതു തടയാന്‍ കൈമെയ് മറന്നു പ്രയത്‌നിക്കുകയും മനുഷ്യവേലി കെട്ടുകയും ചെയ്ത ഇടതുമുന്നണി തന്നെ അദ്ദേഹം കടന്നുവരാനായി പരവതാനി വിരിക്കണോയെന്ന ചോദ്യമാണ് അവരുടേത്. മാണിക്കെതിരെ മൂന്നു കേസുകള്‍ക്കു കോടതിയെ സമീപിച്ചതു സിപിഐയുടെ ഇപ്പോഴത്തെ മന്ത്രി വി.എസ്. സുനില്‍കുമാറാണ്. എല്‍ഡിഎഫിന്റെ മറ്റു ഘടകകക്ഷി നേതാക്കളും ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ആര്‍. ബാലകൃഷ്ണപിള്ള (കേരള കോണ്‍ഗ്രസ് ബി), എം.കെ. കണ്ണന്‍ (സിഎംപി) എന്നിവരും വൈകിട്ടത്തെ സെമിനാറില്‍ പങ്കെടുക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസാരിച്ചശേഷം തൊട്ടടുത്ത ഊഴമാണു മാണിക്ക്. കിട്ടാവുന്നയിടത്തെല്ലാം മാണിയെ വിമര്‍ശിക്കുന്ന കാനം ഇവിടെ സിപിഐഎം വേദിയില്‍ അദ്ദേഹത്തെ കൂടെയിരുത്തി എന്തു പറയുമെന്നും അതിനു തുനിഞ്ഞാല്‍ മാണി നല്‍കാനിടയുള്ള മറുപടിയുമാണ് ആകാംക്ഷ ഉയര്‍ത്തുന്നത്. ഇരു നേതാക്കളും സെമിനാറിനെത്തുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എല്‍ഡിഎഫുമായി ബന്ധപ്പെടാതെ നില്‍ക്കുന്ന കക്ഷികളില്‍നിന്നു മാണിയെ മാത്രം ക്ഷണിച്ചതു വഴി പാലമിടാനുള്ള താല്‍പര്യം സിപിഐഎം വ്യക്തമാക്കിക്കഴിഞ്ഞു. ഇടതു ഘടക കക്ഷികളെ കൂടാതെ ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, സിഎംപി എന്നിവരെയും സെമിനാറുകളിലേക്കു വിളിച്ചിട്ടുണ്ട്. സമീപകാലത്തു യുഡിഎഫ് വിട്ട എം.പി. വീരേന്ദ്രകുമാറും മൂന്നുദിവസങ്ങളിലായി നടക്കുന്ന സെമിനാറുകളിലെ ഒരു പ്രസംഗകനാണ്.
മാണിയെയും പാര്‍ട്ടിയെയും ഇടതുമുന്നണിയില്‍ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം എല്‍ഡിഎഫിന്; സിപിഐഎം വേദിയില്‍ ഇന്ന് കാനവും മാണിയും ഒരുമിച്ച്
Tags: km maani