തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്ന് ഹര്‍ജികള്‍. മാണിയെ കുറ്റവിമുക്തനാക്കരുതെന്ന് വി.എസ് അടക്കമുള്ളവര്‍ ഹര്‍ജി നല്‍കി. റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എത്തിയത് ആറ് ഹര്‍ജികളാണ്. വി.എസും, ബിജു രമേശും, വി. മുരളീധരനും ഹര്‍ജികള്‍ നല്‍കി. അതേസമയം കേസ് പരിഗണിക്കുന്ന വിജിലൻസ് കോടതിയിൽ വിജിലൻസ് അഭിഭാഷകനെ ചൊല്ലി തർക്കം. വിജിലൻസിനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ കെ.പി. സതീശൻ ഹാജരായതിനെ തുടർന്നാണ് തർക്കം രൂക്ഷമായത്. സതീശൻ ഹജരായതിനെ വിജിലൻസ് നിയമോപദേശകൻ എതിർത്തിർത്തിരുന്നു. സതീശനെതിരെ മാണിയുടെ അഭിഭാഷകനും രംഗത്തെത്തി. ഇതോടെ വിഷയത്തിൽ കോടതി ഇടപെട്ടു. പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായാൽ ആകാശം ഇടിഞ്ഞു വീഴുമോ എന്ന് കോടതി ചോദിച്ചു. അഭിഭാഷകരുടെ കാര്യത്തിൽ സർക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. അതേസമയം മന്ത്രി സുനില്‍ കുമാറിന് പകരം പികെ രാജു കേസില്‍ കക്ഷി ചേര്‍ന്നു. മന്ത്രിയായതിനാല്‍ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് മന്ത്രി സുനില്‍ കുമാര്‍ സിപിഐഎമ്മിനെ അറിയിച്ചതിനെ തുടര്‍ന്നാണിത്. കേസില്‍ കക്ഷിയായ വൈക്കം വിശ്വന്റെ അഭിഭാഷകന്‍ ഹാജരാകത്തതിനെ തുടര്‍ന്ന് കോടതി നോട്ടീസയച്ചു. ബാര്‍ കോഴ കേസില്‍ മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ വിജിലന്‍സ് തീരുമാനിച്ച വിവരം അറിയില്ലെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെപി സതീഷന്‍ പറഞ്ഞിരുന്നു. ഈ അട്ടിമറി നീക്കങ്ങളെല്ലാം തകര്‍ക്കാനും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനുമാണ് ഹാജരായതെന്നും അദ്ദേഹം പ്രതികരിച്ചു. കെഎം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാറുടമകളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരു കോടി 57 ലക്ഷത്തില്‍ 49000 രൂപയാണ് നിയമഫണ്ടിലേക്ക് ബാറുടമകളുടെ സംഘടന പിരിച്ചത്. പണം നല്‍കിയ എല്ലാ അംഗങ്ങള്‍ക്കും രസീത് നല്‍കിയില്ല. ഓഫീസില്‍ നിന്നും പിടിച്ചെടുത്ത ക്യാഷ് ബുക്കില്‍ വ്യക്തമായി പണമിടപാടില്ല. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ധനേഷിന്റെ മൊഴികള്‍ പരിസ്പരവിരുദ്ധമാണ്. കെ.എം.മാണി പണം ചോദിച്ചതിനോ ബാറുമടകള്‍ നല്‍കിയതിനോ ഒരു തെളിവുമില്ല. മൂന്നു തവണയായി ഒരു കോടി നല്‍കിയെന്നാണ് ആരോപണം. 50 ലക്ഷം നല്‍കിയതിന് ഒരു തെളിവുമില്ല. ഔദ്യോഗിക വസതിയില്‍ 35 ലക്ഷം എത്തിച്ചെന്ന ഡ്രൈവര്‍ അമ്പിള്ളിയുടെ മൊഴിയും വിശ്വസിനീയമല്ലെന്നും വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. മാണിയുടെ പാലായിലെ വീട്ടില്‍ 15 ലക്ഷം എത്തിച്ചുവെന്ന ബാറുടമ ജേക്കബ് കുര്യനെന്ന സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പാലായിലെ വീട്ടില്‍ പണമെത്തിച്ചുവെന്നാണ് മൊഴി. എന്നാല്‍, മറ്റു ബാറുടമകള്‍ ഈ മൊഴി തള്ളിയെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു. ബിജുരമേശ് ഹാജരാക്കിയ സിഡിയില്‍ കൃത്രിമം നടന്നതായി ഫൊറന്‍സിക് റിപ്പോര്‍ട്ടുണ്ട്. സിഡിയിലും ഫോണ്‍രേഖയിലും കൃത്രിമം നടന്നതായും തെളിഞ്ഞു. ഈക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാണിക്ക് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയത്.
ബാര്‍ കോഴക്കേസ്; മാണിയെ കുറ്റവിമുക്തനാക്കരുതെന്ന് വി.എസ്; വിജിലന്‍സ് കോടതിയില്‍ തര്‍ക്കം; കേസ് പരിഗണിക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി
Tags: km maani