ന്യൂഡല്‍ഹി: എം.എല്‍.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ. സിക്രി, എം.ആര്‍ ഷാ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി വര്‍ഗ്ഗീയ പ്രചാരണം നടത്തിയെന്ന് കണ്ടെത്തിയാണ് കെ.എം ഷാജിയെ എം.എല്‍.എ സ്ഥാനത്ത് നിന്ന് ഹൈക്കോടതി അയോഗ്യനാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ്‌കുമാറാണ് ഷാജി വര്‍ഗ്ഗീയ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ആറ് വര്‍ഷത്തേക്കാണ് ഹൈക്കോടതി ഷാജിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നുമാണ് കെ.എം. ഷാജിയുടെ ആവശ്യം.
നവംബര്‍ ഒന്‍പാതാം തീയതിയാണ് അഴീക്കോട് എം.എല്‍എ കെ.എം.ഷാജിയുടെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. അയോഗ്യനാക്കിക്കൊണ്ടുള്ള കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ നല്‍കുകയാണെങ്കില്‍ നിയന്ത്രണങ്ങളോടെ കെ.എം. ഷാജിക്ക് ഈ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാവും അല്ലെങ്കില്‍ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി നല്‍കണം.
അതേസമയം കെ എം ഷാജി നിയമസഭാംഗമല്ലാതായി ഉത്തരവിറക്കി . ഇക്കാര്യം നിയമസഭാ സെക്രട്ടറിയാണ് അറിയിച്ചിരിക്കുന്നത്.ഹൈക്കോടതി നല്‍കിയ സേ്റ്റയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി. 24 മുതല്‍ ഹൈക്കോടതി വിധി പ്രാബല്യത്തില്‍ വന്നു അതിന്റെ അടിസ്ഥാനത്തില്‍ കെ എം ഷാജി നിയമസഭാംഗമല്ലാതായെന്ന് സെക്രട്ടറി രേഖാമൂലം അറിയിച്ചിട്ടുണ്ട്.ഇതോടെ എംഎല്‍എയെന്ന രീതിയിലുള്ള അധികാരം കെ എം ഷാജിക്ക് നഷ്ടമായി. നിയമസഭയില്‍ എംഎല്‍എയെന്ന രീതിയില്‍ പ്രവേശിക്കുന്നതിനും കെ എം ഷാജിക്ക് സാങ്കേതിക തടസമുണ്ട്. നാളെ നിയമസഭാ ചേരുന്ന സാഹചര്യത്തില്‍ കെ എം ഷാജി കോടതിയെ സമീപിക്കുമോയെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
ഇത്തവണ 13 ദിവസം സഭ ചേരും. നിലവില്‍ ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി നിയമസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇനി ഈ വിധി സ്റ്റേ ചെയ്ത ഉത്തരവ് കിട്ടണമെന്നാണ് നിയമസഭ സെക്രട്ടറിയുടെ നിലപാടെന്ന് അറിയുന്നു.അതേസമയം അഴീക്കോട് എം.എല്‍.എ, കെ.എം ഷാജിയ്ക്ക് നിയമസഭാ നടപടികളില്‍ സംബന്ധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്നും കോടതി വ്യക്തമാക്കി. വാക്കാലുള്ള നിരീക്ഷണങ്ങള്‍ മാത്രമാണ് നടത്തിയത്. ഇതുസംബന്ധിച്ച് ഉത്തരവൊന്നും ഇറക്കിയിട്ടില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. കോടതിയുടെ വാക്കാലുള്ള നിരീക്ഷണത്തെ തള്ളിക്കളയുന്നത് പുതിയ നിയമയുദ്ധത്തിന് കാരണമാകും.