കണ്ണൂര്‍: കെഎം ഷാജി എംഎൽഎയ്ക്കെതിരെയുള്ള അഴിമതി കേസിൽ അതിവേഗം കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കെ.എം ഷാജിയെ വിജിലൻസ് ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തേക്കും.ഈ കേസിൽ മെയ് അവസാന വാരമാകുമ്പോഴെക്കും തെളിവെടുപ്പ് പൂർത്തികരിക്കാനാണ് വിജിലൻസ് ഒരുങ്ങുന്നത്. അതാണ് ലോക് ഡൗൺ കഴിയുന്നതിന് മുൻപ് തന്നെ കേസിലെ മുഖ്യ പരാതിക്കാരനെയും സാക്ഷിയെയും ചോദ്യം ചെയ്തു കഴിഞ്ഞിരുന്നു .
മുസ്ലിം ലീഗ് നേതാവും അഴിക്കോട് എംഎൽഎയുമായ കെ എം ഷാജി അഴീക്കോട് എയ്ഡഡ് സ്കൂള്‍ മാനേജ്‌മെന്റില്‍ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്ന കേസില്‍ സാക്ഷികളുടെ മൊഴിയെടുത്തിരുന്നു. വ്യാഴാഴ്ച്ച രാവിലെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ഓഫീസില്‍ നിന്നാണ് മൊഴിയെടുപ്പ് നടന്നത്. പരാതിക്കാരനും കണ്ണൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കല്ലിങ്കൽ പത്മനാഭന്‍, മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കിയ നൗഷാദ് പൂതപ്പാറ എന്നിവരുടെ മൊഴിയാണ് ഉച്ചവരെ രേഖപ്പെടുത്തിയത്.
Also Read-കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ
കെ എം ഷാജി അഴീക്കോട് സ്‌കൂള്‍ മാനേജ്മന്റില്‍ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി വിജിലന്‍സ് എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു. സ്‌കൂളിലെ വരവ്-ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷി മൊഴികളില്‍ നിന്നും ഷാജി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 2014-ല്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് ലീഗ് പ്രാദേശിക നേതാവ് സംസ്ഥാന നേതൃത്വത്തിന് അയച്ച പരാതിയാണ് കേസിന് ആധാരം. ചോര്‍ന്നു കിട്ടിയ ഈ പരാതി സിപിഎം നേതാവ് മുഖ്യമന്ത്രിക്ക് അയച്ചതോടെ സ്‌കൂളിലെത്തിയ വിജിലൻസ് 2017-ല്‍ തന്നെ പ്രാഥമിക പരിശോധന നടത്തിയിരുന്നു.
സ്‌കൂളിലെ വരവ്-ചെലവ് കണക്കുകള്‍ പരിശോധിച്ചു. 2014-ല്‍ 30 ലക്ഷവും 2105-ല്‍ 35 ലക്ഷവും സംഭാവന ഇനത്തില്‍ സ്‌കൂളിന് വരുമാനമുണ്ട്. ഈ വര്‍ഷങ്ങളില്‍ ചിലവ് ഇനത്തില്‍ 35 ലക്ഷം വീതം കണക്കില്‍ കാണിക്കുന്നുണ്ട്. ഇതില്‍ 25 ലക്ഷം രൂപ ഷാജിക്ക് നല്‍കിയതായി പ്രാഥമിക അന്വേഷണത്തില്‍ മനസിലായെന്ന് എഫ്ഐആറില്‍ പറയുന്നു. എംഎല്‍എയ്‌ക്കെതിരെ സാക്ഷി മൊഴികളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും തലശ്ശേരി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിലുണ്ട്. വിജിലന്‍സ് കണ്ണൂര്‍ ഡിവൈഎസ്പി വി മധുസൂദനാണ് കേസ് അന്വേഷണം തുടങ്ങിയത്. അമ്പേഷണ ഉദ്യോഗസ്ഥനായ ഇദ്ദേഹം മെയ് അവസാനം സർവിസിൽ നിന്നും വിരമിക്കുന്നതിനാൽ അതിവേഗമാണ് കേസ് അന്വേഷിക്കുന്നത്.നേരത്തെ കെഎം ഷാജിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്ന് നിയമസഭാ ഉപദേശക സമിതി അറിയിച്ചിരുന്നു.
എന്നാൽ ഇതിനെ മറികടന്നു കൊണ്ട് സ്പിക്കർ അന്വേഷണത്തിന് അനുമതി നൽകുകയായിരുന്നു’ എന്നാൽ മുഖ്യമന്ത്രിയ്ക്കതിരെ വിമർശനം ഉന്നയിച്ച വൈരാഗ്യത്തിലാണ് കെ.എം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തതാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. അതു കൊണ്ടു തന്നെ ശക്തമായ തെളിവുകൾ നിരത്തി അഴിമതി കേസ് തെളിയിക്കു കയെന്നത് പിണറായി സർക്കാരിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യങ്ങളിലൊന്നാണ്.