ഗോഡ്‌സേ ഭാരതം മൂര്‍ദാബാദ് ഗാന്ധി ഭാരതം സിന്ദാബാദ്

ഗാന്ധിഘാതകനാണെങ്കിലും ഗോഡ്‌സേ ദേശഭക്തനായിരുന്നു’ എന്ന് ലോകസഭയില്‍ പ്രസ്താവിച്ച ബിജെപിയുടെ ലോകസഭാംഗമായ സാക്ഷി മഹാരാജിനേയും രാഷ്ട്രവിധ്വംസക പ്രവര്‍ത്തകരെ വെളള പൂശിയതിന് രാഷ്ട്രദ്രോഹ പ്രവര്‍ത്തനക്കുറ്റം ചുമത്തി നിയമ നടപടികള്‍ക്ക് വിധേയനാക്കണം.

 

ആധുനിക ഭാരതത്തില്‍ സംഭവിച്ച ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമായിരുന്നു മഹാത്മാഗാന്ധിയുടെ വധം. ആ കൊടും ക്രൂരകൃത്യം ചെയ്തത് ആദ്യഘട്ടത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘവുമായും പിന്നീട് വീരസവര്‍ക്കറുടെ ഹിന്ദുമഹാസഭയുമായും ഗാഢബന്ധം പുലര്‍ത്തി പ്രവര്‍ത്തിച്ചുവന്നിരുന്ന ഹിന്ദു രാഷ്ട്രവാദിയും ചിത്പാവന്‍ ബ്രാഹ്മണ സമുദായാംഗവുമായ നാഥുറാം വിനായക് ഗോഡ്‌സേ എന്ന മറാത്തക്കാരനായിരുന്നു. ഗോഡ്‌സേയ്ക്ക് ഹിന്ദുമഹാസഭയും വീരസവര്‍ക്കറും തമ്മിലുളള ബന്ധം എത്രത്തോളം തീക്ഷ്ണവും ഗാഢവുമായിരുന്നെന്ന് ഗാന്ധിവധവുമായി ബന്ധപ്പെട്ട വിചാരണവേളയില്‍ ഗോഡ്‌സേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


‘ഞാന്‍ നിരവധി വര്‍ഷം ഹിന്ദു മഹാസഭയില്‍ ഹിന്ദുത്വത്തിന്റെ കൊടിക്കീഴില്‍ പോരാടി.

വീരസവര്‍ക്കര്‍ ഹിന്ദുമഹാസഭയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഹിന്ദുത്വത്തിന്റെ പ്രഗത്ഭനും അനിഷേധ്യനുമായ നായകനുമായി ഹിന്ദുത്വ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കണ്ടു. ഞാനും അവരിലൊരാളായി.’ (ഗോഡ്‌സേയുടെ മൊഴിപേജ്24) ഇതില്‍ കൂടുതലൊരു തെളിവും ഗാന്ധി ഘാതകനും ഹിന്ദുമഹാസഭയും വീരസവര്‍ക്കറും തമ്മിലുളള ബന്ധത്തെ വ്യക്തമാക്കാന്‍ ആവശ്യമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇനി ആര്‍എസ്എസുമായി ഗോഡ്‌സേയ്ക്ക് ഉണ്ടായിരുന്ന ബന്ധത്തെപ്പറ്റി വ്യക്തമാക്കുവാന്‍ ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലകനായിരുന്ന ഗോല്‍വാര്‍ക്കര്‍ പറഞ്ഞ വാക്കുകള്‍ തന്നെ ഉദ്ധരിക്കാം. ഗോല്‍വാര്‍ക്കര്‍ പറയുന്നു ‘ഗോഡ്‌സേ ഏതോ കാലത്ത് സംഘത്തിലെ അംഗമായിരുന്നു. പില്‍ക്കാലത്ത് (പത്തു വര്‍ഷം മുമ്പ്) അയാള്‍ സംഘത്തില്‍ നിന്ന് വിട്ടുപോയിരുന്നു.’ (ഗുരുജി സാഹിത്യ സര്‍വസ്വം. വോള്യം9പേജ് 7) ഗാന്ധിജിയെ കൊന്നകുറ്റത്തിന് തൂക്കിലേറ്റപ്പെടുമ്പോള്‍ ഗോഡ്‌സേയുടെ വയസ് കോടതി രേഖകള്‍ പ്രകാരം 37. എന്നുവച്ചാല്‍ 27ാ!ം വയസുവരെ ഗോഡ്‌സേ ആര്‍എസ്എസ് അംഗത്വത്തില്‍ ഉണ്ടായിരുന്നു. നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെപ്പോലെ ലോകാരാധ്യത നേടിയ ഒരു സനാതന ഹിന്ദുവിനെ കൊല്ലാനുളള മനസ് ഗോഡ്‌സേ എന്ന യുവാവിന് ഉണ്ടാക്കിയെടുത്തതില്‍ ആര്‍എസ്എസും ഹിന്ദുമഹാസഭയും ഉള്‍പ്പെടുന്ന ഹിന്ദു രാഷ്ട്രവാദ പ്രത്യയശാസ്ത്ര പ്രസ്ഥാനങ്ങള്‍ക്കുളള പങ്കാളിത്തം അനിഷേധ്യമാണെന്ന് മേലുദ്ധരിച്ച വാക്യങ്ങളില്‍ നിന്നുതന്നെ തെളിയുന്നു.

ഗാന്ധിജിയെപോലുളള ഹിന്ദുക്കളെ പോലും ജീവിക്കുവാന്‍ അനുവദിക്കാതെ കൊന്നു തളളുവാന്‍ പ്രേരിപ്പിക്കുന്ന ഹിന്ദു രാഷ്ട്രവാദ പ്രത്യയശാസ്ത്രവും പ്രസ്ഥാനങ്ങളും രാജ്യദ്രോഹപരമല്ലേ? അല്ലെങ്കില്‍ ഗാന്ധിവധം ദേശഭക്തിയുടെ സേവനമാണെന്ന് പറയേണ്ടിവരും. അങ്ങനെ പറയുവാന്‍ ഹിന്ദുരാഷ്ട്രവാദികള്‍ തയാറുണ്ടെങ്കില്‍ അവര്‍ മുന്നോട്ടു വരണം. എന്തായാലും ഇന്ത്യാ മഹാരാജ്യത്തെ സംബന്ധിച്ച് രാഷ്ട്രപിതാവായ ഗാന്ധിജിയെ കൊന്ന വ്യക്തിയും അയാളെ അതിന് പ്രേരിപ്പിച്ച ഹിന്ദുരാഷ്ട്രവാദ പ്രത്യയശാസ്ത്രവും രാജ്യദ്രോഹ സ്വഭാവമുളളതാണ്. അതിനാല്‍ ദേശദ്രോഹികള്‍ക്കെതിരെയെല്ലാം മുഖം നോക്കാതെ നടപടിയെടുക്കുന്ന സര്‍ക്കാരാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ എങ്കില്‍, ആദ്യം അവര്‍ ദേശദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടയ്‌ക്കേണ്ടത് രാഷ്ട്രപിതാവിനെ കൊന്ന ആള്‍ക്ക് അമ്പലം പണിയുവാന്‍ നടക്കുന്നവരെയാണ്.

‘ഗാന്ധിഘാതകനാണെങ്കിലും ഗോഡ്‌സേ ദേശഭക്തനായിരുന്നു’ എന്ന് ലോകസഭയില്‍ പ്രസ്താവിച്ച ബിജെപിയുടെ ലോകസഭാംഗമായ സാക്ഷി മഹാരാജിനേയും രാഷ്ട്രവിധ്വംസക പ്രവര്‍ത്തകരെ വെളള പൂശിയതിന് രാഷ്ട്രദ്രോഹ പ്രവര്‍ത്തനക്കുറ്റം ചുമത്തി നിയമ നടപടികള്‍ക്ക് വിധേയനാക്കണം. ഇതൊക്കെ ചെയ്തിട്ട് അഫ്‌സല്‍ ഗുരുവിനേയും യാക്കൂബ് മേമനേയും അനുസ്മരിക്കുന്നത് രാജ്യദ്രോഹ നടപടിയാണെന്ന് പറഞ്ഞാല്‍, പക്ഷപാതപരമാണ് മോഡി സര്‍ക്കാരിന്റെ നടപടികള്‍ എന്ന് ജനം വിലയിരുത്തും. പക്ഷേ, ഗാന്ധിഘാതകനെ അനുസ്മരിച്ചാദരിക്കുന്നവര്‍ക്കെതിരെ ചെറുവിരലനക്കാതെ അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കുന്നവര്‍ക്കെതിരെ മാത്രം രാജ്യദ്രോഹക്കുറ്റം ചുമത്തി നിയമനടപടികളെടുക്കുന്നത്, ‘ഹിന്ദുരാഷ്ട്രവാദികളല്ലാത്തവരെ എല്ലാം ഞങ്ങള്‍ രാജ്യദ്രോഹികളായി കണക്കാക്കും’ എന്ന മട്ടിലുളള കേന്ദ്രസര്‍ക്കാര്‍ നിലപാട് ജനാധിപത്യ മതേതര ഭരണഘടനാ വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന കാവിത്തെമ്മാടിത്തമാണ്.

ഈ കാവിത്തെമ്മാടിത്തത്തിനെതിരെയാണ് ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളും അവര്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് രാജ്യത്തിനകത്തും പുറത്തുമുളള ജനാധിപത്യ മതേതര വാദികളായ മനുഷ്യരും ഒറ്റക്കെട്ടായി കലഹിക്കുന്നത്. അതിനാല്‍ നരേന്ദ്രമോഡി സര്‍ക്കാരിനോട് മതേതര ജനാധിപത്യ ഭാരതത്തിന് ചോദിക്കുവാനുളള ചോദ്യം ഇതാണ്; രാഷ്ട്രപിതാവായ ഗാന്ധിജിയെ കൊന്നത് രാഷ്ട്രദ്രോഹമാണോ? ആണെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം എങ്കില്‍, ഗാന്ധിഘാതകന് ക്ഷേത്രം പണിയണമെന്ന് പറയുന്നതും അതിനുവേണ്ടി സംഘടിതമായി പ്രവര്‍ത്തിക്കുന്നതും കൊടിയ രാഷ്ട്രദ്രോഹമാണ്.

mahatma-gandhi-last-journey-photos-01

ഈ രാഷ്ട്രദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കാത്തത്? ഗാന്ധിജിയുടെ മുഴുവന്‍ പേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നാണെന്ന് പോലും ഓര്‍മിക്കാനാകാത്ത വിധം ഗാന്ധിവിരുദ്ധ മനസുളള ഗുജറാത്തുകാരനായ ആര്‍എസ്എസ് പ്രചാരകനാണ് ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി എന്നതുകൊണ്ടാണോ ഗാന്ധിഘാതകന് ജയഘോഷം മുഴക്കുന്നവര്‍ രാജ്യദ്രോഹികളല്ല എന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊളളുന്നത്? ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക് സമാധാനം പറയിപ്പിക്കാതെ ജനാധിപത്യത്തിലെ പരമാധികാരികളായ പൗരന്മാര്‍ ഏത് നരേന്ദ്രമോഡി സര്‍ക്കാരിനേയും വെറുതെ വിടുകയില്ല. ഇക്കാര്യം ഓര്‍മിച്ചിട്ടുവേണം വിദ്യാര്‍ഥികള്‍ക്ക് നേരെയും സര്‍വകലാശാലകള്‍ക്ക് നേരെയും കുതിര കയറുവാന്‍ എന്നുമാത്രം സംഘപരിവാരത്തെയും ബിജെപി സര്‍ക്കാരിനേയും ഓര്‍മിപ്പിക്കുന്നു.

‘ജനാധിപത്യത്തിന്റെ വിജയകരമായ പ്രവര്‍ത്തനത്തിനുവേണ്ടുന്ന മൂന്നുപാധികള്‍’ എന്ന വിഷയത്തില്‍ ഡോ. അംബേദ്ക്കര്‍ ഒരു പ്രസംഗം ചെയ്തിട്ടുണ്ട്. അതില്‍ അദ്ദേഹം പക്ഷപാതം ഭരണകൂടത്തില്‍ കടന്നുകൂടിയാല്‍ ജനാധിപത്യം നാശമടയും എന്ന് ഉദാഹരണങ്ങള്‍ നിരത്തി തെളിയിക്കുന്നുണ്ട്. അംബേദ്ക്കര്‍ പറയുന്നു ‘പക്ഷപാതം ഭരണകൂടത്തില്‍ കടന്നുകൂടിയാല്‍ എന്താവും? ഒരു പക്ഷത്തിന്റെ അംഗത്തിനുമേല്‍ നല്ല തെളിവുകളോടുകൂടി ഏതോ ഒരു കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് വയ്ക്കുക. ആ ഭാഗത്തെ പക്ഷ പ്രമുഖര്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അടുത്തു ചെന്നുപറയുന്നു കുറ്റക്കാരന്‍ തന്റെ പക്ഷക്കാരനായതുകൊണ്ട് അയാളുടെ പേരില്‍ കേസെടുക്കുന്നത് ശരിയായിരിക്കില്ല എന്ന്. എന്നിട്ട് കൂട്ടിച്ചേര്‍ക്കുന്നു ‘ഞാന്‍ പറയുന്നവിധം പെരുമാറിയില്ലെങ്കില്‍, കാര്യം മന്ത്രി മഹോദയന്റെ അടുത്ത് എത്തിക്കുകയും താങ്കള്‍ക്ക് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്യും.’ ഇങ്ങനെയെല്ലാം നടക്കുവാന്‍ തുടങ്ങിയാല്‍ ഏതെല്ലാം വിധമുളള അരാജകത്വവും അന്യായവും ഭരണത്തില്‍ കടന്നുകൂടുമെന്ന് നിങ്ങള്‍ തന്നെ ഊഹിച്ചാല്‍ മതി’ (അംബേദ്ക്കറുടെ തിരഞ്ഞെടുത്ത കൃതികള്‍ വോള്യം 40 പേജ് 339)

hindu-activismഗാന്ധിജിയെ കൊന്ന ഹിന്ദുരാഷ്ട്രവാദിയായ ഗോഡ്‌സേയ്ക്ക് ജയഘോഷം മുഴക്കുന്നവര്‍ രാഷ്ട്രദ്രോഹക്കുറ്റത്തിന് ജയഘോഷം മുഴക്കുന്നവര്‍ രാഷ്ട്രദ്രോഹക്കുറ്റത്തിന് നിയമനടപടികള്‍ നേരിടാതിരിക്കുകയും അതേസമയം മതേതര ജനാധിപത്യ മനസുളള കനയ്യ കുമാറിനെപ്പോലുളള വിദ്യാര്‍ഥി നേതാക്കള്‍ യാതൊരു തെളിവും ഇല്ലാതെപോലും രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെട്ട് തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്യുന്നത് കേന്ദ്രസര്‍ക്കാരിന്റെ സ്വജനപക്ഷപാതപരമായ അന്യായ സമീപനമാണ്. ഇത്തരം അന്യായങ്ങളെ ചെറുക്കാതെ ജനാധിപത്യത്തെ സംരക്ഷിക്കാനാവില്ല.

അംബേദ്ക്കറുടെ മേലുദ്ധരിച്ച വാക്കുകള്‍ ഇക്കാര്യത്തിലേക്കത്രേ വിരല്‍ചൂണ്ടുന്നത്. ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യാനിയോ, സിഖുകാരനോ, പാഴ്‌സിയോ, ബൗദ്ധനോ, ജൈനനോ, ദളിതനോ, കമ്യൂണിസ്റ്റോ, ഗാന്ധിയനോ ആരായാലും ഹിന്ദുരാഷ്ട്രവാദികളല്ലാത്ത ഇന്ത്യക്കാരെല്ലാം ദേശദ്രോഹികളാണ്, ഗാന്ധിജിയെ കൊന്നവനും അയാള്‍ക്ക് ജയഘോഷം മുഴക്കുന്നവരും ഹിന്ദു രാഷ്ട്രവാദികളാണെന്നതിനാല്‍ ദേശഭക്തരുമാണ് എന്ന നിലപാടിന്റെ കാവിത്തെമ്മാടിത്തമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്നത് എന്ന് തെളിയിക്കുന്ന അഭിശപ്ത സംഭവങ്ങളാണ് ജെഎന്‍യുവിലും ഹൈദരാബാദ് സര്‍വകലാശാലയിലും ഒക്കെ അരങ്ങേറിയത്.

കാവിത്തെമ്മാടിത്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് കനയ്യ കുമാര്‍ അന്തരിച്ച രക്തസാക്ഷികളാണ് നരേന്ദ്രധബോല്‍ക്കറും, ഗോവിന്ദ് പന്‍സാരയും, കല്‍ബുര്‍ഗിയും, മുഹമ്മദ് അഖ്‌ലാക്കും, യു എന്‍ അനന്തമൂര്‍ത്തിയും, രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ഥിയും ഉള്‍പ്പെടെയുളളവര്‍. മഹാത്മാഗാന്ധിയായിരുന്നു ഹിന്ദുരാഷ്ട്രവാദ കാവിത്തെമ്മാടിത്തത്തിന്റെ ഏറ്റവും വലിയ ഇര. ഇനിയും ഗാന്ധിജിമാര്‍ രക്തസാക്ഷികളാവേണ്ടി വരാത്ത ഒരു ഇന്ത്യയ്ക്ക് വേണ്ടിയാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ പൊരുതുന്നത്. ‘ഗോഡ്‌സേ ഭാരതം മൂര്‍ദാബാദ്, ഗാന്ധിഭാരതം സിന്ദാബാദ്’ എന്നു വിളിച്ചു അവര്‍ക്കൊപ്പം അണിചേരേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ഉത്തരവാദിത്തമാണ്.

Top