കൊച്ചി കോർപ്പറേഷനിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണം; നിർണയ ക്യാമ്പ് ആരംഭിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഭിന്നശേഷി നിർണയ ക്യാമ്പ് ആരംഭിച്ചു. പത്ത് ദിവസങ്ങളിലായി കോർപ്പറേഷനിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഫോർട്ട് കൊച്ചി കമ്മ്യൂണിറ്റി ഹാളിൽ മേയർ എം. അനിൽകുമാർ നിർവഹിച്ചു. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർക്കുള്ള സേവനങ്ങൾ ഉറപ്പു വരുത്തുന്നതിലും കൊച്ചി കോർപ്പറേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് മേയർ പറഞ്ഞു. കോർപ്പറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ടി.കെ. അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ മുഖ്യാതിഥിയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലെ (നിപ്മർ) ഡോ. നിമ്മി ജോസഫ് , ഡോ. സിന്ധു വിജയകുമാർ എന്നിവർ ഉൾപ്പെടെയുള്ള വിദഗ്ധരാണ് ഭിന്നശേഷി നിർണയത്തിന് നേതൃത്വം നൽകുന്നത്. നിപ്മർ എക്സിക്യുട്ടിവ് ഡയറക്ടർ സി. ചന്ദ്രബാബു, കോർപ്പറേഷൻ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ പി.ആർ. റെനീഷ്, സുനിത ഡിക്സൺ, ജെ. സനിൽമോൻ, അഡ്വ. പ്രിയ പ്രശാന്ത്, ഷീബ ലാൽ, സി ഡി പി ഒ ഖദീജാമ്മ പി.കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സെപ്തംബർ 16-ന് മട്ടാഞ്ചേരി കെ.എം. മുഹമ്മദ് മെമ്മോറിയൽ ഹാൾ, 22-ന് ഫോർട്ട്‌കൊച്ചി വെളിയിലെ പള്ളത്ത് രാമൻ മെമ്മോറിയൽ ഹാൾ, 23-ന് തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ, 28-ന് എറണാകുളം ടൗൺഹാൾ, 29-ന് ഇടക്കൊച്ചി സെന്റ് മേരീസ് സ്‌കൂൾ, ഒക്ടോബർ 4-ന് പള്ളുരുത്തി ഇ.കെ. നാരായണൻ സ്‌ക്വയർ, 5-ന് പച്ചാളം പി.ജെ. ആന്റണി ഹാൾ, 11-ന് ഗാന്ധിനഗർ ലയൺസ് ക്ലബ് ഹാൾ, 12-ന് അഞ്ചുമന ദേവി ടെമ്പിൾ ഹാൾ എന്നിവിടങ്ങളിലായാണ് ക്യാമ്പ് നടക്കുക.

Top