കൊച്ചി: കൊച്ചി മെട്രോയുടെ സാരഥികളായി വനിതകളും. ഏഴു വനിതകളാണു കൊച്ചി മെട്രോയുടെ പൈലറ്റുമാരായി നിയമിതരായത്. കഴിഞ്ഞ ജൂണ്‍ മുതലുള്ള ട്രയല്‍ റണ്ണില്‍ മെട്രോയെ നിയന്ത്രിക്കുന്നതില്‍ സജീവമായി ഇവരുമുണ്ട്.
പെരുമ്പാവൂര്‍ സ്വദേശിയായ വന്ദനയും കൊല്ലത്തു നിന്നുള്ള ഗോപികയും കൊച്ചിയുടെ ആകാശപാതയില്‍ എഴുന്നൂറിലേറെ തവണ മെട്രോ ഓടിച്ചു കഴിഞ്ഞു. കൊച്ചി മെട്രോയുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒരിക്കലെങ്കിലും മെട്രോയില്‍ കയറണമെന്ന് ആഗ്രഹിച്ചിരുന്ന ഗോപികയ്ക്ക് ട്രെയിന്‍ ഓപ്പറേറ്ററായുള്ള നിയമനം സ്വപ്നതുല്യം. ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീറിങ്ങില്‍ ഡിപ്ലോമയാണ് ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള അടിസ്ഥാന യോഗ്യത.
പല ഘട്ടങ്ങളിലായി നടന്ന എഴുത്തു പരീക്ഷകളും അഭിമുഖങ്ങളും പൂര്‍ത്തിയാക്കിയാണ് ഇവര്‍ കൊച്ചി മെട്രോയുടെ ആദ്യ ഓപ്പറേറ്റര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടത്. 39 ട്രെയിന്‍ ഓപ്പറേറ്റര്‍മാരാണ് കൊച്ചി മെട്രോയില്‍ ആദ്യ ഘട്ടത്തിലുള്ളത്. ബെംഗളൂരു മെട്രോയില്‍ മൂന്നു മാസത്തെ പരിശീലനം നേടിയ ശേഷമാണ് ജൂണ്‍ മുതല്‍ ട്രയല്‍ റണ്ണിനായി ഇവര്‍ കൊച്ചിയിലെത്തിയത്.