കൊച്ചി: കേരളത്തില്‍ നിന്ന് ആസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്ത്. കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഡല്‍ഹിയില്‍ നിന്ന് സംഘത്തിലെത്തിയവര്‍ ഉള്‍പ്പടെ 41 പേര്‍ വിവിധ ഹോട്ടലുകളിലായി ചെറായി ബീച്ചില്‍ ആറ് ദിവസം തങ്ങിയെന്ന വിവരം പൊലീസിന് ലഭിച്ചു. അധികഭാരം ഒഴിവാക്കാന്‍ യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ശീതളപാനീയങ്ങളും മരുന്നും ശേഖരിച്ച് മുനമ്പത്ത് നിന്ന് ബോട്ട് മാര്‍ഗം കടന്നവരില്‍ നാല് ഗര്‍ഭിണികളും നവജാതശിശുവുമുണ്ട്. ശനിയാഴ്ച രാവിലെയോടെ മുനമ്പം ഹാര്‍ബറിന് അടുത്തുള്ള ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കൂടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണക്കിയ പഴവര്‍ഗങ്ങള്‍, കുടിവെള്ളം, വസ്ത്രങ്ങള്‍, ഫോട്ടോകള്‍, ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകള്‍, കുട്ടികളുടെ കളിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെത്തി.
സംഘത്തിലെ ചിലര്‍ ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു. ശനിയാഴ്ച കൂടുതല്‍ ഇന്ധനമടിച്ച് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടില്‍ ഇവരെ കടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബോട്ട്.
27 ദിവസത്തെ യാത്രയ്ക്ക് ഒടുവിലാണ് ബോട്ട് ആസ്‌ട്രേലിയയിലെത്തുന്നത്. ഡല്‍ഹി സ്വദേശികളായവര്‍ കഴിഞ്ഞ 22 തിയതിയാണ് ചെന്നൈയിലെത്തിയത്. ചെന്നൈയില്‍ നിന്ന് സംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി കഴിഞ്ഞ അഞ്ചാം തിയതി ഇവര്‍ ചെറായി ബീച്ചിലെത്തി.