നീലഗിരി: ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ കവര്‍ച്ചാ ശ്രമവും പിന്നാലെയുണ്ടായ പ്രതികളുടെ മരണത്തിലും ദൂരൂഹതയേറുന്നു. കോടനാട് എസ്‌റ്റേറ്റിലെ കവര്‍ച്ചാശ്രമത്തിനിടെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസിലെ ഒന്നാംപ്രതി കനകരാജ് വെളളിയാഴ്ച രാത്രി എട്ടേമുക്കാലിനാണ് തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. കനകരാജ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതി തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി കെ.വി സയന് കേരളത്തിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു.
എന്നാല്‍ രണ്ടാം പ്രതിയുടെ ഭാര്യയും മകളും മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് തമിഴ്‌നാട് പൊലീസ്. വാര്‍ത്താക്കുറിപ്പിലാണ് ഇത് പറയുന്നത്. നീലഗിരി എസ്പി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മരിച്ചവരുടെ ശരീരത്തില്‍ കണ്ട മുറിവുകള്‍ എങ്ങിനെ ഉണ്ടായതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും ദുരൂഹതകള്‍ ഇല്ലെന്നാണ് തമിഴ്‌നാട് പൊലീസിന്റെ വിശദീകരണം. അപകടത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും അതിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യമാണെന്നും പറഞ്ഞിരുന്നു. പ്രതിയുടെ ഭാര്യയുടെയും കഴുത്തില്‍ കണ്ടമുറിവുകളെ പറ്റിയും തമിഴ്‌നാട് പൊലീസ് പറയുന്നില്ല.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് പാലക്കാട് കണ്ണാടിക്കടുത്ത് ദേശീയപാതയില്‍ സയന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് തകര്‍ന്നത്. സയന്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സയന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയശേഷം പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. കേസിലെ ഒന്നും രണ്ടും പ്രതികള്‍ അടുത്തടുത്ത സമയങ്ങളില്‍ ദുരൂഹമായ തരത്തില്‍ വാഹനാപകടത്തില്‍പ്പെട്ടതാണ് സംഭവത്തിലെ പ്രത്യേകത.
അപകടത്തില്‍പ്പെട്ട സയന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. തമിഴ്‌നാട് രജിസ്‌ട്രേഷനുളള കാര്‍ മോട്ടോര്‍വാഹനവകുപ്പ് പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. കാര്‍ വന്നതിന്റെ ദൃശ്യങ്ങള്‍ക്കായി വാളയാര്‍ ചെക്‌പോസ്റ്റിലും ടോള്‍ ബൂത്തിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. അപകട വിവരമറിഞ്ഞെത്തിയ പൊലീസ് ബന്ധുക്കളെ വിവരം അറിയിക്കാന്‍ മൊബൈല്‍ ഫോണ്‍ തിരഞ്ഞെങ്കിലും വണ്ടിക്കകത്ത് നിന്ന് മൊബൈല്‍ ലഭിച്ചില്ല. സിം കാര്‍ഡുകള്‍ മാത്രമാണ് സയന്‍ കൈയില്‍ കരുതിയിരുന്നതെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍.
കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരന്‍ നേപ്പാള്‍ സ്വദേശി റാം ബഹദൂര്‍ ഏപ്രില്‍ 24ന് പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. മറ്റൊരു കാവല്‍ക്കാരനായ നേപ്പാള്‍ സ്വദേശി കൃഷ്ണാ ബഹദൂറിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തംഗ സംഘം എസ്റ്റേറ്റില്‍ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയെന്നാണ് രക്ഷപ്പെട്ട കൃഷ്ണ പൊലീസിന് മൊഴിനല്‍കിയത്. തിരിച്ചറിയാനാകാത്ത പത്ത് പേരാണ് എസ്റ്റേറ്റില്‍ കടന്ന് ആക്രമിച്ചതെന്നാണ് ഇയാള്‍ മൊഴിനല്‍കിയത്.
മോഷണശ്രമമാണോ എന്നാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഉറപ്പിച്ച് പറയാനാവില്ലെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 11 പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുളളതായും ഇതില്‍ മലയാളികളായ നാലുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ചേര്‍ത്തല സ്വദേശി സജീവാണ് മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നു.