തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സ കഴിഞ്ഞെത്തി പാർട്ടി പരിപാടികളിൽ സജീവമാകാൻ പോകുന്ന കോടിയേരി ബാലകൃഷ്ണൻ അമേരിക്കക്കും ട്രമ്പിനും മോദിക്കും എതിരെ കടുത്ത ആരോപണവുമായി രംഗത്ത് .അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗുജറാത്തിലേക്കെത്തുന്ന ‘കെം ച്ചോ ട്രംപ്'(നമസ്തേ ട്രംപ്) പരിപാടിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ട്രംപിനുമെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി പത്രത്തിൽ വന്ന അദ്ദേഹത്തിന്റെ ഒരു ലേഖനത്തിലാണ് കോടിയേരി പരിപാടിയെ വിമർശിക്കുന്നത്.
ഇന്ത്യയുടെ ഉറ്റ ചങ്ങാതി എന്ന നിലയിലാണ് മോദി ട്രംപിനെ വരവേൽക്കുന്നതെന്നും എന്നാൽ അത് ഇന്ത്യയെ അമേരിക്കയുടെ ‘ജൂനിയർ പാർട്ണർ’ ആക്കി മാറ്റുക മാത്രമാണ് ചെയ്യുകയെന്നതും അമേരിക്കൻ പ്രസിഡന്റിന്റെ വരവ് ഇന്ത്യയെ ശക്തിപ്പെടുത്തുകയോ സാഹായിക്കുകയോ ചെയ്യുകയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ നിരീക്ഷിക്കുന്നു.
ട്രംപിന്റെ വരവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള ചേരികൾ ഒഴിപ്പിച്ചതിനെയും കാഴ്ചയെ മറയ്ക്കാൻ മതിലുകൾ കെട്ടിയതിനെയും ലേഖനത്തിൽ കോടിയേരി നിശിതമായി വിമർശിക്കുന്നു. ജനാധിപത്യ സംരക്ഷണം എന്ന പേരിൽ ‘അമേരിക്കൻ ഭീകരർ’ ചെയ്തുകൂട്ടാത്ത ക്രൂരതകൾ ഇല്ലെന്ന് പറയുന്ന അദ്ദേഹം, സദ്ദാം ഹുസൈനെയും ഇറാന്റെ രഹസ്യസേനാ തലവൻ ഖാസിം സൊലൈമാനിയെയും അമേരിക്ക ‘കശാപ്പ്’ ചെയ്തതിനെയും ചൂണ്ടിക്കാണിക്കുന്നു.
‘ആ ചോരക്കറയുടെ മണം ഉണങ്ങും മുൻപാണ് കൊലയാളി രാഷ്ട്രീയത്തിന് നേതൃത്വംനൽകുന്ന ട്രംപിനെ ഇന്ത്യ കുറിതൊട്ട് സ്വീകരിക്കുന്നത്,’ കോടിയേരി പറയുന്നു. ഇന്ത്യയുടെ സാമ്പത്തികനില അമേരിക്കയ്ക്ക് അനുകൂലമാക്കി എടുക്കുന്നതിന് വേണ്ടിയാണ് ട്രംപിന്റെ ഈ വരവെന്നും അതിന് ഇന്ത്യൻ പ്രധാനമന്ത്രി കൂട്ട് നിൽക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ട്രംപിന് അമേരിക്കയിലെ ഇന്ത്യൻ വോട്ടർമാരെ സ്വാധീനിക്കുന്നതിന് വേണ്ടി ‘മോദിയും കൂട്ടരും’ ഏജൻസിപ്പണി നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.