തിരുവനന്തപുരം: മുൻ മന്ത്രിയും ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആർ ബാലകൃഷ്ണപിള്ളക്കെതിരെ വിമർശനവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അടിയന്തിരാവസ്ഥക്കാലത്ത് ജയിലലക്കപ്പെട്ട ബാലകൃഷ്ണപിള്ള മാസങ്ങൾക്ക് ശേഷം ജയിൽ മോചിതനായി പിന്നീട് ജയിൽ മന്ത്രിയായെന്ന് കോടിയേരി പരിഹസിച്ചു. ഇന്ദിരാഗാന്ധിയുടെ 20 ഇന പരിപാടി അംഗീകരിച്ച് മാപ്പെഴുതി നൽകിയാൽ അന്ന് തങ്ങൾ എസ്എഫ്ഐക്കാർക്കും ജയിൽ മോചിതരാകാമായിരുന്നു.പക്ഷെ തങ്ങൾ നിലപാടിൽ ഉറച്ച് നിന്നെന്നും കോടിയേരി പറഞ്ഞു .തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന അടിയന്തിരാവസ്ഥ പോരാളികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
അക്കാലത്ത് ഒന്നര വർഷമാണ് കണ്ണൂർ ജയിലിൽ താൻ കഴിയുന്നത്.ഗവർണ്ണറായിരുന്ന കെ.ശങ്കരനാരായൻ സംഘടന കോൺഗ്രസുകാരനായി അവിടെയുണ്ടായിരുന്നു. കാമരാജ് മരിച്ചതിന് താൽക്കാലിക വിടുതൽ ലഭിച്ച ശങ്കരനാരായണൻ പിന്നീട് ഇന്ദിര ഗാന്ധിയുടെ നയങ്ങൾ അംഗീകരിച്ചതോടെ ജയിലിലേക്ക് തിരിച്ചെത്തിയില്ല.ആർ എസ് എസുകാരും അടിയന്തിരാവസ്ഥക്കാലത്ത് ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ധേഹം കുറ്റപ്പെടുത്തി.
അന്നത്തെ അച്ചുതമേനോൻ സർക്കാർ കൊടിയ പീഡനമാ ണ് വിദ്യാർത്ഥികൾക്കും, അടിയന്തിരാവസ്ഥ വിരുദ്ധർക്കുമെതിരെ നടത്തിയതെന്നും കോടിയേരി ആരോപിച്ചു.എസ് എഫ് ഐ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ എം.വി ജയകുമാർ, ജെയ്ക് സി തോമസ്, എം വി ജിൻ, ഡോ: ജെ പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.