കൊവിഡ് വ്യാപനത്തിടെ സിപിഎം സമ്മേളനങ്ങൾ സംഘടിപ്പിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ന്യായീകരണവുമായി കോടിയേരി. സമ്മേളനങ്ങളുള്ള ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയിൽ നിന്നും ഒഴിവാക്കിയെന്ന വിമർശനമുയർന്നതോടെയാണ് വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത്.
കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സർക്കാരാണെന്നും പാർട്ടി ഇടപെടലില്ലെന്നുമാണ് കോടിയേരി പറയുന്നത്.
കൊവിഡ് മാനദണ്ഡം പാലിച്ച് സ്ക്വാർഡും കാറ്റഗറിയും നിർണയിച്ചത് സർക്കാരാണ്. സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിന് വേണ്ടി സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളിലോ കാറ്റഗറി നിർണയത്തിലോ ഇടപെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
സിപിഎമ്മിന്റെ ആളുകൾക്ക് തന്നെ രോഗം പടർത്തണം എന്ന ആഗ്രഹം സിപിഎമ്മിനുണ്ടാകുമോ എന്നാണ് കോടിയേരി ചോദിക്കുന്നത്. എത്രയോ പേർക്ക് രോഗം വന്നു. അതെല്ലാം സിപിഎം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ എന്നും മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ് എന്നും കോടിയേരി ചോദിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ വസ്തുതതകൾ പഠിച്ച ശേഷം വേണം പ്രതികരിക്കാനെന്നും കോടിയേരി പറഞ്ഞു.
‘സിപിഎം ജില്ലാ സമ്മേളനങ്ങൾ എല്ലാ രീതിയിലുമുള്ള നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തുന്നത്. പ്രതിനിധികളുടെ എണ്ണം വെട്ടിച്ചുരുക്കി. 400 പ്രതിനിധികൾ പങ്കെടുക്കേണ്ടിടത്ത് 180 പ്രതിനിധികളാക്കി ചുരുക്കിയാണ് ഇപ്പോൾ നടക്കുന്ന സമ്മേളനങ്ങൾ നടത്തുന്നത് എന്നും കോടിയേരി പറഞ്ഞു.
കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയത് സിപിഎമ്മിനെ സഹായിക്കാനാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം. സിപിഎം സമ്മേളനം നടത്താൻ വേണ്ടിയാണ് ജില്ലകളെ തരംതിരിച്ചത്. ഇതിനായാണ് എ, ബി, സി കാറ്റഗറി ഉണ്ടാക്കിയതെന്നും തൃശ്ശൂർ, കാസർകോട് ജില്ലകളെ ഉദാഹരണമായി സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു.
നേതാക്കൾ വിവിധ ജില്ലകളിലെത്തി രോഗം പടർത്തി എന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിക്കുന്നത് എകെജി സെന്ററിൽ നിന്നാണെന്നും വി ഡി സതീശൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ വിശദീകരണം.