ശബരിമല: ഇഷ്ടമുള്ളവര്‍ക്ക് പോകാം, പാര്‍ട്ടി ഇടപെടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഇഷ്ടമുള്ള സത്രീകള്‍ക്ക് ശബരിമലയില്‍ പോകാം, താത്പര്യമില്ലാത്തവര്‍ക്ക് പോകാതെയുമിരിക്കാം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെക്കുറിച്ച് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്. കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള സങ്കുചിത രാഷ്ട്രീയക്കളിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് – ബിജെപി നേതൃത്വങ്ങള്‍ കൈകോര്‍ക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ശബരിമലയുടെ ശാന്തിയും സമാധാനവും തകര്‍ക്കാനുള്ള സങ്കുചിത രാഷ്ട്രീയനീക്കത്തെ പ്രബുദ്ധരായ വിശ്വാസികള്‍ തള്ളും എന്ന് ഉറപ്പാണ്.

അനാചാരങ്ങളും വിവേചനവും ഇല്ലാതാക്കാന്‍ ക്ഷേത്രങ്ങളില്‍ സാമൂഹ്യ പരിഷ്‌കരണത്തിന്റെ വെള്ളിവെളിച്ചം എല്‍.ഡി.എഫ് ഭരണകാലത്ത് പരക്കുന്നുണ്ട്. ഇതിന്റെ ഫലമായി ശ്രീകോവിലില്‍ പൂജ ചെയ്യാന്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ പോലും ഇതുവരെ സ്വാതന്ത്ര്യം കിട്ടാതിരുന്ന വിഭാഗങ്ങള്‍ക്ക്, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന്റെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ അനുമതി ലഭിച്ചു. അങ്ങനെയാണ് വേദമന്ത്രങ്ങള്‍ അഭ്യസിച്ച ദളിതര്‍ ക്ഷേത്രപൂജാരിമാരായിരിക്കുന്നത്. ഇത്തരം സാമൂഹ്യവിപ്ലവ പ്രക്രിയയെ ബലപ്പെടുത്തുന്നതാണ് പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ശബരിമല പ്രവേശനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ കമ്യൂണിസ്റ്റുകാരെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന് കേരളത്തിലെ ബിജെപി അധ്യക്ഷനും കെപിസിസി ഭാരവാഹികളും ഒരേ സ്വരത്തിലാണ്. സുപ്രീംകോടതി വിധിയെ സോണിയ ഗാന്ധി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എഐസിസി നേതൃത്വം ആകട്ടെ ഈ വിധിയെ സ്വാഗതംചെയ്തു. എന്നിട്ടാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ നിറംമാറിയിരിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

വിശ്വാസത്തെ അടിച്ചമര്‍ത്താനാണ് സി.പി. എം നീക്കമെങ്കില്‍ വിശ്വാസികളോടൊപ്പം ബി.ജെ.പി നിലയുറപ്പിക്കുമെന്ന വെല്ലുവിളി ശ്രീധരന്‍പിള്ള നടത്തിയിട്ടുണ്ട്. ശബരിമലയില്‍ പ്രാര്‍ത്ഥിക്കാന്‍ ഭക്തരായ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് ഉപയോഗിക്കാം. താല്‍പ്പര്യമില്ലാത്തവര്‍ അങ്ങോട്ട് പോകണ്ട. സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സി.പി.എം ഇടപെടില്ല. അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാ സ്വാതന്ത്ര്യത്തിലും സി.പി.എം ഇടപെട്ടിട്ടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം. ഇഷ്ടമില്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം വിസ്മരിച്ച് വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ സി.പി.എം ഇടപെടുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണ്.

കോടതിവിധി വന്നപ്പോള്‍ അതിനെ എതിര്‍ക്കാതിരുന്ന ചെന്നിത്തല ഇപ്പോള്‍ കളംമാറി ചവിട്ടുകയാണ്. ആര്‍എസ്എസ് ദേശീയനേതൃത്വമാകട്ടെ ശബരിമല കേസ് കോടതിയില്‍ മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ സ്ത്രീപ്രവേശന വിലക്കിന് അനുകൂലമായി ഇടപെട്ടില്ല എന്ന് അതിന്റെ നേതാക്കള്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിധിയെ ആര്‍എസ്എസ് ദേശീയനേതൃത്വം അനുകൂലിക്കുകയുംചെയ്തു. വിധി മനോഹരം എന്നാണ് കേന്ദ്രമന്ത്രി മേനക ഗാന്ധി അഭിപ്രായപ്പെട്ടതെന്നും കോടിയേരി വ്യക്തമാക്കുന്നുണ്ട്.

Top