ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പയിലെ തോല്‍വിയെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഭിന്നത മറനീക്കി പുറത്തുവരുന്നു. നായകന്‍ മഹേന്ദ്രസിങ് ധോനിക്കെതിരെ ഉപനായകന്‍ വിരാട് കോലി പരോക്ഷമായ അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തുവന്നതോടെയാണ് ഇന്ത്യന്‍ ക്യാമ്പില്‍ കാര്യങ്ങള്‍ ശുഭകരമല്ലെന്ന സൂചനകള്‍ പുറത്തുവരുന്നത്.
കളിക്കളത്തില്‍ തീരുമാനങ്ങളെടുക്കുന്നത് സംശയത്തോടെയാണ്, ഇത് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് താന്‍ കൂടുതലൊന്നും പറയുന്നില്ല, എന്നാല്‍ കളിയെ ഗൗരവമായി കാണുന്നവര്‍ക്ക് എല്ലാം മനസ്സിലാകുമെന്നും മൂന്നാം ഏകദിനത്തിന് മുമ്പ് നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തില്‍ കോലി പറഞ്ഞു. ഇതോടെയാണ് ഭിന്നത ടീമിനുള്ളില്‍നിന്ന് പുറത്തേക്ക് വരുന്നത്.
ബംഗ്ലാദേശ് പര്യടനത്തിലെ തോല്‍വിയെത്തുടര്‍ന്ന് നായക പദവി ഒഴിയാന്‍ തയ്യാറാണെന്ന് ധോനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ ധോനിയുടെ വിശ്വസ്തരായ ആര്‍. അശ്വിനും സുരേഷ് റെയ്‌നയും ക്യാപ്റ്റനെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു. ധോനി മാറേണ്ടകാര്യമില്ലെന്ന് റെയ്‌ന വ്യക്തമാക്കിയപ്പോള്‍, നായകനുവേണ്ടി മരിക്കാന്‍വരെ തയ്യാറാണെന്ന് അശ്വിനും പറഞ്ഞു.
ഇതിന് പിന്നാലെയാണ് ധോനിക്കെതിരെ പരോക്ഷമായി കോലി രംഗത്തുവന്നത്. ധോനിക്ക് ശേഷം ടെസ്റ്റ് ടീമിന്റെ നായകനായ കോലിയുടെ വാക്കുകള്‍ക്ക് അര്‍ഥമേറെയാണ്. ടീമില്‍ ധോനിയും പക്ഷവും എതിര്‍ചേരിയും രൂപപ്പെട്ടിട്ടുണ്ടെന്ന അഭ്യൂഹങ്ങളെ ശരിവെക്കുന്നതാണ് രണ്ട് വിഭാഗങ്ങളായുള്ള പ്രസ്താവനകള്‍.
ആദ്യ ഏകദിനത്തിനുശേഷം ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രൊമോട്ട് ചെയ്തിറങ്ങുന്ന ധോനിയുടെ നീക്കം നായകസ്ഥാനം സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. മൂന്നാം ഏകദിനത്തില്‍ ഇത് വിജയമായിരുന്നു. അതേസമയം തിരിച്ചടികളില്‍നിന്ന് എളുപ്പത്തില്‍ കരകയറാറുള്ള വിരാട് കോലി ഇത്തവണ സമ്പൂര്‍ണ പരാജയമായതും ടീമിലെ ഭിന്നതയും ചേര്‍ത്തുവായിക്കാം.