കൊല്ലം കമ്മ്യൂണിസ്റ്റുകൾ തൂത്തുവാരും; യുഡിഎഫ് രണ്ടിലൊതുങ്ങും: കുതിച്ചു കയറി എൻഡിഎ സഖ്യം

സ്വന്തം ലേഖകൻ

കൊല്ലം: ഇടതു പാർട്ടികളുടെ കരുത്തുറ്റ കോട്ടയായ കൊല്ലം ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയും ആർഎസ്പിയും ചേർന്ന് കൊല്ലം തൂത്തുവാരുമെന്നു റിപ്പോർട്ട്. ആകെയുള്ള 11 ൽ ഒൻപതു സീറ്റും ഇടതു കക്ഷികൾ പങ്കിട്ടെടുക്കുമ്പോൾ, കോൺഗ്രസ് ഒരു സീറ്റിലും ആർഎസ്പി ഒരു സീറ്റിലും ഒതുങ്ങുമെന്നാണ് റിപ്പോർട്ട്. സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ ജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ് ഇത്തരത്തിൽ വ്യാപകമായ രീതിയിൽ ധ്രുവീകരണം കൊല്ലം ജില്ലയിലുണ്ടാകുമെന്ന റിപ്പോർട്ടുകളുള്ളത്. എസ്എൻഡിപിയുടെ ശക്തി കേന്ദ്രമായ കൊല്ലത്ത്, എസ്എൻഡിപി വോട്ടുകൾ എൻഡിഎയിലേയ്ക്കു കേന്ദ്രീകരിക്കുമ്പോൾ, മുസ്ലീം അടക്കമുള്ള ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ ഇടതു സ്ഥാനാർഥികൾക്കു ലഭിക്കുമെന്നാണ് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്.
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരനെ, സിപിഐയിലെ യുവ നേതാവ് ജി.എസ് ജയലാൽ അട്ടിമറിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പതിനായിരത്തിൽ താഴെ മാത്രം വോട്ട് ലഭിച്ച ബിജെപി ഇവിടെ എൻഡിഎ സഖ്യത്തിലാണ് സീറ്റ് നൽകിയിരിക്കുന്നത്. കന്നിയങ്കത്തിനിറങ്ങുന്ന ചാത്തന്നൂർ എസ്എൻ ട്രസ്റ്റ് ഹെഡ്മാസ്റ്റർ ബിബി ഗോപകുമാർ വോട്ട് വിഹിതം കാൽലക്ഷമായി ഉയർത്തുമെന്നാണ് കണക്കുകൾ. ഇത് കോൺഗ്രസിനു ക്ഷീണമാകുമെന്നും ഇന്റലിജൻസ് വിലയിരുത്തുന്നു.
ഇരവിപുരം നിയോജക മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ആർഎസ്പിയിലെ എ.എ അസീസിനെ സിപിഎം സ്ഥാനാർഥിയും കൊല്ലം കോർപ്പറേഷൻ കൗൺസിലറുമായ എം.നൗഷാദ് അട്ടിമറിക്കും. കൊല്ലം നിയോജക മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി സിനിമാ താരം മുകേഷ് പതിനയ്യായിരത്തിനടുത്ത് വോട്ടിന്റെ ലീഡിൽ വിജയിക്കും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ സിറ്റിങ് സീറ്റായ കുണ്ടറയിൽ സിപിഎം സ്ഥാനാർഥി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്കു കനത്ത പരാജയം നേരിടേണ്ടി വരും. ഇവിടെ എഐസിസി അംഗം രാജ്‌മോഹൻ ഉണ്ണിത്താൻ പതിനായിരത്തോളം വോട്ടിന്റെ ലീഡിൽ വിജയിച്ചു കയറും. സിപിഐ സ്ഥാനാർഥിയെ മുൻ മന്ത്രിയുമായ മുല്ലക്കര രത്‌നാകരൻ ചടയമംഗലത്ത് കോൺഗ്രസ് സ്ഥാനാർഥി എം.എം ഹസനെ നിലംപരിശാക്കും. കാൽലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ ഇന്റലിജൻസ് ബ്യൂറോ കണക്കു കൂട്ടിയിരിക്കുന്നത്.
പുനലൂർ നിയോജക മണ്ഡലത്തിൽ സിപിഐയിലെ കെ.രാജു മുസ്ലീം ലീഗിലെ എ.യൂനുസ് കുഞ്ഞിനെ പരാജയപ്പെടുത്തും. സിനിമാ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന പത്തനാപുരത്ത് നായകൻ സിറ്റിങ് എംഎൽഎ ഗണേഷ്‌കുമാർ തന്നെയാവും. ജഗദീഷ് രണ്ടാം സ്ഥാനത്ത് എത്തുമ്പോൾ, സംസ്ഥാനത്ത് ആദ്യമായി ബിജെപിക്കു വോട്ട് വിവിതം കുറയുന്ന മണ്ഡലമായി ഭീമൻ രഘു മത്സരിക്കുന്ന പത്തനാപുരം മാറുമെന്നും ഇന്റലിജൻസ് പറയുന്നു. കൊട്ടാരക്കരയിൽ കോൺഗ്രസിലെ സവിൻ സത്യനെ സിറ്റിങ് എംഎൽഎ ഐഷാ പോറ്റി മുപ്പതിനായിരത്തിലേറെ വോട്ടിനു വീഴ്ത്തും. അവസാന നിമിഷം സർക്കാരിനെ വെട്ടിലാക്കി എംഎൽഎ സ്ഥാനം രാജിവച്ച കോവൂർ കുഞ്ഞുമോൻ വീണ്ടും അഞ്ചു വർഷം കൂടി കുന്നത്തൂരിനെ പ്രതിനിധീകരിക്കും. സിഎംപിയ്ക്കു സ്ഥാനാർഥിയെ കണ്ടെത്താൻ പോലുമാകാതിരുന്ന ചവറയിൽ മന്ത്രി ഷിബു ബേബീ ജോൺ തന്നെ വിജയിക്കുമെന്നു ഉറപ്പായി. ചവറ എൻവിജയൻപിള്ളയേക്കാൾ കാൽ ലക്ഷം വോട്ടിന്റെയെങ്കിലും ലീഡാണ് യുഡിഎഫിനു ലഭിക്കുമെന്നു ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. യുവത്വവും പരിചയ സമ്പന്നതയും ഏറ്റുമുട്ടുന്ന കരുനാഗപ്പള്ളിയിൽ കോൺഗ്രസിലെ സി.ആർ മഹേഷിനെ പിൻതള്ളി, സിപിഐയിലെ ആർ.രാമചന്ദ്രൻ വിജയിക്കുമെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു.
എസ്എൻഡിപിയ്ക്കു ശ്കതമായ സ്വാധീനമുള്ള ജില്ലയിൽ ഒൻപതു മണ്ഡലങ്ങളിലും ബിജെപി – എൻഡിഎ സ്ഥാനാർഥികൾ കരുത്തു തെളിയിക്കുമെന്നാണ് റിപ്പോർട്ട്. ഇവർ വോട്ട് വിഹിതം വർധിപ്പിക്കുന്നത് യുഡിഎഫിന്റെ അടിത്തറയെയാണ് ബാധിക്കുന്നത്. ബിഡിജെഎസ് – ബിജെപി സഖ്യം നടത്തുന്ന വർഗീസ് പ്രചാരണം ന്യൂനപക്ഷങ്ങളെ സിപിഎമ്മിലേയ്ക്കു കൂടുതൽ അടുപ്പിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top