
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്ര പരിസരം വെട്ടിക്കെട്ടപകടത്തില്‍ ചോരക്കളമായതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഏതു തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് ഉടന്‍ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അപകടത്തില്‍ ഇരയായവര്‍ക്ക് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ദുരിതാശ്വാസം നല്‍കും. അടിയന്തര ധനസഹായം അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി വാങ്ങാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ പിന്തുണയോടെയാണ് വെട്ടിക്കെട്ട് നടന്നതെന്നുള്ള റിപ്പോര്‍ട്ടുള്ള സാഹചര്യത്തില്‍ പ്രശ്‌നം രൂക്ഷമാകാനാണ് സാധ്യത.
സംഭവത്തില്‍ 90പേര്‍ മരിക്കുകയും മൂന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക അനുമതിയില്ലാതെ ക്ഷേത്രം അധികൃതരുടെ തീരുമാനത്തിലായിരുന്നു വെടിക്കെട്ട് നടന്നതെന്നാണ് വിവരം. ജില്ലാ ഭരണകൂടം ഒരു തരത്തിലുമുള്ള അനുമതി ഇക്കാര്യത്തില്‍ നല്‍കിയിരുന്നില്ല എന്നും അപേക്ഷ നിരസിച്ച് അറിയിപ്പു നല്‍കിയിരുന്നതായുമാണ് കൊല്ലം ജില്ലാ കളക്ടര്‍ ഷൈനാമോള്‍ പറയുന്നത്.
നേരത്തേ ആരോഗ്യമന്ത്രി ശിവകുമാര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എയര്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി ശിവകുമാര്‍ വ്യക്തമാക്കി. അപകടത്തില്‍പെട്ടവര്‍ക്ക് ചികിത്സ സൗജന്യമായി നല്‍കുമെന്നും കൂടുതല്‍ ചികിത്സയ്ക്കായുള്ള ഓപ്പറേഷന്‍, ഓര്‍ത്തോ വിഭാഗങ്ങള്‍ തുറന്നിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.