കൊല്ലം: പരവൂറില്‍ നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത ക്ഷേത്ര വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന അഞ്ച് ക്ഷേത്ര ഭാരവാഹികള്‍ കീഴടങ്ങി. ക്ഷേത്ര ഭാരവാഹികളും അധികൃതരും ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ച് മത്സര വെടിക്കെട്ടിന് അനുമതി വാങ്ങിയതെന്നുള്ള തെളിവുകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. മുന്‍ എംപി പീതാംബര കുറുപ്പ് ഇതില്‍ ഇടപ്പെട്ടാണ് അനുമതി ലഭിച്ചതെന്ന് വെടിക്കെട്ടിന് തൊട്ടുമുന്‍പ് ക്ഷേത്ര ഭാരവാഹികള്‍ മൈക്കിലൂടെ വിളിച്ചു പറയുന്ന ശബ്ദ രേഖയും പുറത്തുവിട്ടിരുന്നു.
പ്രസിഡന്റ് പി.എസ്.ജയലാല്‍, സെക്രട്ടറി ജെ. കൃഷ്ണന്‍ കുട്ടിപ്പിള്ള, ശിവപ്രസാദ്, രവീന്ദ്രന്‍ പിള്ള, രാജേന്ദ്രന്‍പിള്ള എന്നിവരാണ് കീഴടങ്ങിയത്. രാജ്യത്തെ നടുക്കിയ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണം 109 ആയി. തിരുവനന്തപുരത്തും കൊല്ലത്തുമായി 14 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പരുക്കേറ്റ 15 പേര്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഢ്ഢ അറിയിച്ചു.
മൂന്ന് ലോഡ് സ്‌ഫോടക വസ്തുക്കളാണ് വെടിക്കെട്ടിന് ഉപയോഗിച്ചതെന്നും പോലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യവെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ദക്ഷിണകേരളത്തിലെ ഏറ്റവും വലിയ കമ്പക്കെട്ടിന് കരാറേറ്റെടുത്തത് കഴക്കൂട്ടം സ്വദേശി സുരേന്ദ്രനും വര്‍ക്കല സ്വദേശി കൃഷ്ണന്‍കുട്ടിയുമാണ്.
ഇവര്‍ നേതൃത്വം നല്‍കിയ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിക്കെട്ട് മത്സരമാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്നതെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. സമൂഹ മാധ്യമങ്ങളെ ഉള്‍പ്പടെ പ്രയോജനപ്പെടുത്തി ക്ഷേത്രഭാരവാഹികള്‍ മല്‍സരക്കമ്പത്തിന് പ്രചാരണം നല്‍കിയിരുന്നു.