കൊല്ലം: അനുമതിയില്ലാതെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയതിന് 20 പേര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. ക്ഷേത്രഭാരവാഹികള്‍ക്കും കരാറുകാര്‍ക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
15 ക്ഷേത്രഭാരവാഹികളും കരാറുകാരനായ സുരേന്ദ്രനും മകന്‍ ഉമേഷും ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് കേസ്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഉമേഷ് ചികിത്സയിലാണ്. നരഹത്യ, സ്ഫോടക വസ്തു നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് വെടിക്കെട്ട് നടത്തിയത്. കൃഷ്ണന്‍കുട്ടി എന്നയാളാണ് കമ്പക്കെട്ട് ഒരുക്കിയത്.
പരവൂര്‍ കമ്പക്കെട്ട് അപകടത്തെ തുടര്‍ന്ന് ജില്ലയില്‍ സ്ഫോടക വസ്തുക്കള്‍ക്കായി വ്യാപക റെയ്ഡ് നടക്കുന്നുണ്ട്. കരാറുകാരുടെ വീടുകളില്‍ ഉള്‍പ്പെടെ പോലീസ് റെയ്ഡ് നടത്തി. സ്ഫോടക വസ്തുക്കളെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കാനും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിനായി രണ്ട് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
പരമ്പരാഗതമായി മത്സര കമ്പക്കെട്ട് നടത്തിയിരുന്ന ക്ഷേത്രമായിരുന്നു പുറ്റിങ്ങലിലേത്. എന്നാല്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നതിനാല്‍ ഇത്തവണ കളക്ടര്‍ അനുമതി നിഷേധിച്ചിക്കുകയായിരുന്നു.