കോന്നിയില്‍ കെപിസിസി സെക്രട്ടറി അഡ്വ.എന്‍ ഷൈലാജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത; തടയിടാന്‍ അരയും തലയും മുറുക്കി അടൂര്‍ പ്രകാശ്

കോന്നി: ഉപതിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച കോന്നി കോണ്‍ഗ്രസ് വിഭാഗീതയുടെ പേരില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. വരുന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച കെപിസിസി സെക്രട്ടറി അഡ്വ. എന്‍ ഷൈലാജിന്റെ സാധ്യതയ്ക്ക് തടയിടാന്‍ ആറ്റിങ്ങല്‍ എംപി കൂടിയായ അടൂര്‍ പ്രകാശ് നേരിട്ട് രംഗത്തിറങ്ങിയതോടെ കോന്നി മണ്ഡലം ആരോപണ വേദിയായി മാറിയിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പില്‍ നഷ്ടമായ കോന്നി തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം എന്‍.ഷൈലാജിനെ കളത്തിലിറക്കുമെന്നറിഞ്ഞതോടെയാണ് വിവാദ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി അടൂര്‍ പ്രകാശ് മാധ്യമങ്ങളുടെ മുമ്പില്‍ എത്തിയത്. ഷൈലാജിന് നറുക്ക് വീഴുമെന്നറിഞ്ഞതോടെ നേതൃത്വത്തെ വെട്ടിലാക്കാന്‍ അടൂര്‍ പ്രകാശ് തന്റെ ഇഷ്ടക്കാരനായ റോബിന്‍ പീറ്ററുടെ പേര് മാധ്യമങ്ങളിലൂടെ പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു.അതേ സമയം കേരള രാഷ്ട്രീയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച കെപിസിസി സെക്രട്ടറി കൂടിയായ ഷെലാജ് കോന്നിയില്‍ മത്സരിക്കണമെന്നാണ് ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അഭിപ്രായം.

എന്നാല്‍ റോബിന്‍ പീറ്റര്‍ തന്നെ സ്ഥാനാർത്ഥിയായി വേണമെന്ന വാശിയിലാണ് അടൂര്‍. റോബിന്‍ മത്സരിച്ചാല്‍ ജയസാധ്യത ഏറെയാണെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ വാദം. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ വിഭാഗിയത പ്രവര്‍ത്തനങ്ങള്‍ക്ക് അടൂര്‍ പ്രകാശ് നേരിട്ട് നേതൃത്വം നല്‍കിയത് കെപിസിസി നേതൃത്വത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ്. അടൂര്‍ പ്രകാശിന്റെ ഏകപക്ഷീയ നിലപാട് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനും ഉണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തേണ്ടത് ഹൈക്കമാന്‍ഡും കോണ്‍ഗ്രസുമാണെന്നിരിക്കെ സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളില്‍ അഭിമുഖം നല്‍കി റോബിന്‍ പീറ്ററുടെ പേര് നിര്‍ദേശിച്ചതോട് കൂടി കോന്നിയിലെ കോണ്‍ഗ്രസിനുള്ളില്‍ കലാപത്തിന് തുടക്കമായി.

റോബിന്‍ പീറ്ററുടെ സ്വന്തം പഞ്ചായത്തിലെ താമസക്കാരനായ ഡിസിസി സെക്രട്ടറി തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയതോടെ അടൂര്‍ പ്രകാശിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. എട്ട് മണ്ഡലം പ്രസിഡന്റുമാരും ഏഴ് ഡിസിസി ഭാരവാഹികളും ഒരു ബ്ലോക്ക് പ്രസിഡന്റും അടൂര്‍ പ്രകാശിന്റെ ഏകപക്ഷീയ നിലപാടിനെതിരെ ഇപ്പോള്‍ രംഗത്തുണ്ട്. ഇത്തരത്തില്‍ കോന്നിയിലെ കോണ്‍ഗ്രസ് ഭാരവാഹികളെ പോലും അവഗണിക്കുന്ന അടൂരിന്റെ നിലപാട് തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നാണ് നേതാക്കള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുംപുറവും എംഎസ് പ്രകാശും അടൂരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പത്തനംതിട്ട പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ അടൂരിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. ആറ്റിങ്ങല്‍ എംപി അവിടുത്തെ കാര്യം നോക്കിയാല്‍ മതി കോന്നിയിലെ കാര്യത്തില്‍ ഇടപെടാന്‍ ആന്റോ ആന്റണി എംപി ഉണ്ടെന്നും ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ തുറന്നടിച്ചു. ഇഷ്ടക്കാരല്ലാത്തവരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കാലുവാരി തോല്‍പ്പിക്കുന്ന രീതിയാണ് അടൂര്‍ പ്രകാശിനുള്ളതെന്നും അവര്‍ പറഞ്ഞു. ഇത്തരത്തില്‍ വ്യക്തി താത്പര്യത്തിന് വേണ്ടി പ്രവര്‍ത്തകരെ അടിമപ്പണി ചെയ്യിപ്പിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പറയുന്നു. കാലുവാരലിനും വ്യക്തി താത്പര്യത്തിനും നേതാക്കന്മാര്‍ പ്രധാന്യം നല്‍കുമ്പോള്‍ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍.

Top