നാലുവർഷത്തിനുള്ളിൽ കോന്നിയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം ലഭ്യമാക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി: മെഡിക്കൽ കോളജ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

കോന്നി: നാലുവർഷത്തിനുള്ളിൽ കോന്നി മണ്ഡലത്തിലെ മുഴുവൻ വീടുകളിലും ശുദ്ധജല കണക്ഷൻ ലഭ്യമാക്കുമെന്ന് ജലവിഭവ വകുപ്പ്മന്ത്രി കെ കൃഷ്ണൻകുട്ടി. മെഡിക്കൽ കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 143 കോടിരൂപ മുതൽ മുടക്കിൽ ആരംഭിച്ച സീതത്തോട് കുടിവെള്ള പദ്ധതി ദ്രുതഗതിയിൽ നടക്കുകയാണ്. മൈലപ്ര-മലയാലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഡിപിആറിന് അംഗീകാരം നൽകുന്നതിന് യോഗം ഈ മാസം 28ന് ചേരും. പ്രമാടം, കലഞ്ഞൂർ-ഏനാദിമംഗലം കുടിവെള്ള പദ്ധതികളുടെ ഡിപിആർ തയാറായി വരികയാണെന്നും മന്ത്രി പറഞ്ഞു.

നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 13.98 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് കോന്നി മെഡിക്കൽ കോളജ് കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്. കോന്നി മെഡിക്കൽ കോളജിലേക്കും അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 1,2,14,15 വാർഡുകളിലെ 5642 പേർക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് മെഡിക്കൽ കോളജ് കുടിവെള്ള പദ്ധതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെഡിക്കൽ കോളജിന്റെ വികസനത്തിന് കുടിവെള്ള പദ്ധതി അനിവാര്യമാണെന്നും കോന്നിയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുകയാണ് സർക്കാർ ലക്ഷ്യമെന്ന് അഡ്വ. കെയു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. മെഡിക്കൽ കോളജ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംവി അമ്പിളി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്ററ് മണിയമ്മ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം അജോ മോൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ദേവകുമാർ, വാട്ടർ അതോറിറ്റി ബോർഡ് അംഗം അലക്സ് കണ്ണമല,വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എപി ജയൻ, ശ്യാംലാൽ,അമ്പിളി വർഗീസ്, കരിമ്പനാംകുഴി ശശിധരൻ നായർ, അബ്ദുൾ മുത്തലിഫ്, കെ.ജി രാമചന്ദ്രൻ പിള്ള, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ ഉഷ രാധാകൃഷ്ണൻ, ജല അതോറിറ്റി ദക്ഷിണമേഖല ചീഫ് എഞ്ചിനീയർ സേതുകുമാർ എസ് തുടങ്ങിയവർ സംസാരിച്ചു.

Top