
കോഴിക്കോട്: ജോളി ജോസഫ് ജയിലിൽ ജോളി’യാണ്. കൂടത്തായി പ്രതിക്കിപ്പോൾ യോഗയും മതപരമായ കൗൺസലിംഗും കിട്ടുന്നതിനാൽ ഹാപ്പിയാണ് .കേസിനെക്കുറിച്ചോർത്ത് ഒരു അലട്ടലും ഇല്ലപോലും .കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ഇപ്പോൾ ജയിലിൽ നല്ല ‘ജോളി’യിലാണ്. വനിതാ സെല്ലിൽ ആരോടും മിണ്ടാതെ കുനിഞ്ഞിരുന്ന് കരഞ്ഞുകൊണ്ടിരുന്ന ജോളിയല്ല ഇപ്പോഴത്തെ ജോളി. സഹതടവുകാരികളുമായി ഇടപഴകി സംസാരിക്കുന്നു, തമാശ പറയുന്നു, അവസരത്തിനൊത്ത് പൊട്ടിച്ചിരിക്കുന്നുമുണ്ട്. രണ്ട് കേസുകളിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും അതിന്റെ അങ്കലാപ്പുമില്ല.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
കോഴിക്കോട് ജില്ലാ ജയിലിൽ 30 വനിതാ കുറ്റവാളികളെ താമസിപ്പിക്കാൻ ആറ് സെല്ലുകളാണുള്ളത്. 10 കുറ്റവാളികൾ മാത്രമേ ഇപ്പോൾ ഉള്ളൂ. ഇവരെ രണ്ട് സെല്ലുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ സെല്ലിലാണ് ജോളി. അതിൽ ജോളി അടക്കം ആറ് പേർ. ജയിലിൽ എത്തിയ നാളുകളിൽ ആത്മഹത്യാ പ്രവണത കണ്ടതിനെതുടർന്നാണ് കൂടുതൽ പേരുള്ള സെല്ലിലേക്ക് മാറ്റിയത്.ജയിൽ അധികൃതരുടെ ശാസ്ത്രീയ സമീപനമാണ് ജോളിയിലും മാറ്റം ഉണ്ടാക്കിയത്. ജയിലിൽ കഴിയുന്ന വനിതാ തടവുകാരിൽ ഭൂരിപക്ഷവും സാഹചര്യങ്ങൾ കാരണമാണ് കുറ്റവാളിയാവുന്നത്. കടുത്ത മാനസിക സമ്മർദ്ദത്തിലാവും അവർ. അത് കുറയ്ക്കാൻ രാവിലെ ആറ് മണിക്ക് യോഗ പരിശീലനം നൽകും. വനിതാ വാർഡർമാരാണ് യോഗ പഠിപ്പിക്കുന്നത്. കൗൺസലിംഗും നൽകാറുണ്ട്.
അതത് മതാചാരപ്രകാരമുള്ള കൗൺസലിംഗ് തടവുകാരിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാറുണ്ടെന്നാണ് ജയിൽ അധികൃതർ പറയുന്നത്. വനിതകളാണ് കൗൺസലിംഗിന് എത്താറുള്ളത്.ജയിലിൽ തൊഴിൽ പരിശീലനത്തിന് സംവിധാനം ഉണ്ടെങ്കിലും ജോളിക്ക് പരിശീലനം നൽകാൻ തുടങ്ങിയില്ലെന്നാണ് സൂചന. താമസിയാതെ തൊഴിൽ പരിശീലനവും നൽകിയേക്കും.ജോളിക്കെതിരെ ശാസ്ത്രീയ രീതിയിൽ തെളിവുകൾ ശേഖരിച്ച് പഴുതുകൾ അടച്ചുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നതെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന കോഴിക്കോട് റൂറൽ എസ്.പി കെ.ജി. സൈമൺ പറഞ്ഞിട്ടുണ്ടെങ്കിലും ജോളി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.