ജോളിക്ക് എതിരെ സിലിയുടെ മകന്റെ മൊഴി.സിലിയുടെ മരണം അന്വേഷിക്കാന്‍ ജോളിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്

കോഴിക്കോട് : കൂടത്തായിലെ കൂട്ടക്കൊലപാതക്കേസിലെ മുഖ്യപ്രതിയായ ജോളിയെ ഇന്ന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.ഷാജുവിന്റെ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനും അതുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്താനുമാണ്‌ ജോളിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചത്. ജോളിയുടെ രണ്ടാമത്തെ ഭര്‍ത്താവ്‌ ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയെ ദന്താശുപത്രിയില്‍ വെച്ച്‌ സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നു.

റോയി തോമസിന്റെ കൊലക്കേസില്‍ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ ജോളി ഇപ്പോള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.ചോദ്യം ചെയ്യലുകള്‍ക്കിടെ കൂടത്തായി കൊലക്കേസ് പ്രതി ജോളി നടത്തുന്ന വെളിപ്പെടുത്തലുകള്‍ പോലീസിനെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. സ്വന്തം കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയതിന് ജോളിക്ക് പല കാരണങ്ങളുണ്ട് പറയാന്‍. എന്നാല്‍ ജോളിയുടെ കൊലപാതക ശ്രമങ്ങള്‍ വീടിനകത്ത് മാത്രം ഒതുങ്ങി നിന്നവ ആയിരുന്നില്ല. കൂടത്തായി ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങള്‍ ജോളി പോലീസിന് മുന്നില്‍ വിവരിച്ചു. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ ജോളിയെ സഹായിച്ചത് ജയശ്രീ വാര്യര്‍ ആയിരുന്നു.ജോളിക്ക് വേണ്ടി വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ചതിന്റെ പേരില്‍ ജയശ്രീ വാര്യര്‍ അന്വേഷണം നേരിടുന്നുണ്ട്.. ജയശ്രീയില്‍ നിന്നും പോലീസ് നേരത്തെ മൊഴിയെടുത്തിരുന്നു. തന്റെ മകളെ കൊല്ലാനും ജോളി ശ്രമിച്ചിരുന്നതായി ജയശ്രീ പോലീസിന് മൊഴി നല്‍കിയിരുന്നു. മകളുടെ വായില്‍ നിന്ന് നുരയും പതയും വന്നതായും ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് മാത്രം രക്ഷപ്പെട്ടതാണെന്നും ജയശ്രീ മൊഴി നല്‍കിയിരുന്നു.

Top