ആശുപത്രി സംശയത്തിൻ്റെ നിഴലിൽ…!! കൊലചെയ്യപ്പെട്ട എല്ലാവരേയും കൊണ്ടുവന്നത് ഇവിടെ; ജോളി സയനൈഡ് കഴിപ്പിച്ചതാണെന്ന് തെളിയിക്കുക ബുദ്ധിമുട്ട്

കൂടത്തായി കൊലപാതക പരമ്പരയില്‍ വിഷം ഉള്ളില്‍ ചെന്ന് കൊല്ലപ്പെട്ട എല്ലാവരേയും ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിക്കെതിരേയും പോലീസ് നടപടി. സംശയാസ്പദമായ സാഹചര്യം നില നില്‍ക്കുമ്പോഴും മരണമടഞ്ഞവരുടെ പോസ്റ്റുമാര്‍ട്ടം ആവശ്യപ്പെടാതിരുന്നതിനും തുടര്‍ നടപടി എടുക്കാതെ ഇരിക്കുകയും ചെയ്തതിന്റെ പേരില്‍ ആശുപത്രിയിലും പോലീസ് തെളിവെടുപ്പ് നടത്തി.

കൊല്ലപ്പെട്ട ആറുപേരെയും ആദ്യം പ്രവേശിപ്പിച്ചത് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്. ഇവിടെ വെച്ചാണ് എല്ലാവരുടേയും മരണം സ്ഥിരീകരിച്ചത്. എന്നാല്‍ പോലീസ് നടപടിക്കോ പോസ്റ്റുമാര്‍ട്ടത്തിനോ ആശുപത്രി തയ്യാറായില്ല. കൊണ്ടുവന്ന ആറുപേരില്‍ റോയിയേയും ഷാജുവിന്റെ മകള്‍ ആല്‍ഫിനയെയും മാത്രമാണ് മറ്റാശുപത്രിയിലേക്ക് മാറ്റിയത്. മരണമടഞ്ഞവരുടെ പോസ്റ്റുമാര്‍ട്ടം നടത്താതിരിക്കാന്‍ ആശുപത്രിക്ക് മേല്‍ ബാഹ്യസമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്.

നേരത്തേ മരണത്തില്‍ ഇവിടുത്തെ ഒരു ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചിരുന്നതായി വിവരമുണ്ട്. എന്നാല്‍ ഈ ഡോക്ടര്‍ ഇപ്പോള്‍ ഇവിടെ ജോലിയിലില്ല. ഇദ്ദേഹം ഇവിടെ നിന്നും മാറിപ്പോയി. ഈ ഡോക്ടറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇദ്ദേഹത്തെ കണ്ടെത്തി മൊഴിയെടുക്കാനാണ് ശ്രമം. ചികിത്സാ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ ആശുപത്രിക്കെതിരേ അന്വേഷണം നടത്തും. ആറ് ഇരകളില്‍ നാലു പേര്‍ക്ക് സയനൈഡ് നല്‍കിയതായി നേരത്തേ ജോളി മൊഴി നല്‍കിയിരുന്നു. എന്നാല്‍ റോയിയുടെ മാതാവ് അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനി ആയിരുന്നെന്നും ആല്‍ഫിനയ്ക്ക് സയനൈഡ് കൊടുത്തതായി ഓര്‍മ്മയില്ലെന്നും ആണ് ഇന്നലെ വടകര സ്‌റ്റേഷനില്‍ നടന്ന ചോദ്യം ചെയ്യലില്‍ ജോളി പറഞ്ഞത്.

ഇതിനിടെ, കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് കേസിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ അഡ്വ. ബി.എ.ആളൂർ  മാധ്യമങ്ങളോട് പറഞ്ഞു.  മരിച്ചവരെല്ലാം സയനൈഡ് ഉള്ളിൽ ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സയനൈഡ് ഇവർ സ്വയം കഴിച്ചതാണോ പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ജോളി കഴിപ്പിച്ചതാണോ എന്നത് ഇനി തെളിയിക്കപ്പെടേണ്ട കാര്യമാണ്.

സാഹചര്യ തെളിവുകൾ കൂട്ടിയിണക്കി ജോളിക്കെതിരേ കുറ്റം തെളിയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതി ജോളിയുടെ ആവശ്യപ്രകാരമാണ് ആളൂർ അസോസിയേറ്റ്സ് കേസിന്‍റെ വക്കാലത്ത് ഏറ്റെടുത്തത്. ആരാണ് കേസുമായി തന്നെ സമീപിച്ചതെന്ന് പുറത്തു പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Top