കൂടത്തായിയിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെ 6 പേരുടെ മരണവുമായി ബന്ധപ്പെട്ട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രാവിലെ വീട്ടിലെത്തിയാണ് പൊലീസ് ജോളിയെ കസ്റ്റഡിയിൽ എടുത്തത്. തുടർച്ചയായി ജോളിയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ജോളി ഒന്നും വിട്ടുപറയുന്നില്ലെന്നായിരുന്നു പോലീസിൻ്റെ ആദ്യ പ്രതികരണം.
ജ്വല്ലറി ജീവനക്കാരനായ ബന്ധുവിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന് കണ്ടെത്താനാണ് പോലീസിൻ്റെ ശ്രമം. എത്തിച്ചുകൊടുത്ത യുവാവിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടങ്ങി. ആറുപേരുടെയും മരണം നടന്ന സ്ഥലങ്ങളിൽ യുവതിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇവരെ സഹായിച്ച ബന്ധു ഉൾപ്പെടെയുള്ള രണ്ടുപേരെക്കൂടി പോലീസ് തിരയുകയാണ്.
സ്വത്ത് സ്വന്തമാക്കുന്നതിനൊപ്പം വ്യക്തിവൈരാഗ്യവും കൊലപാതക സാദ്ധ്യതയിലേക്കെത്തിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ആറ് പേരുടെയും മരണം വിഷാംശം ഉള്ളിൽ ചെന്നാണെന്നും ചെറിയ അളവിൽ സയനെെഡിന്റെ അംശം കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. അതേസമയം, മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ആറുപേരും മരണത്തിനു തൊട്ടുമുൻപ് ആട്ടിൻസൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കൾ തട്ടിയെടുക്കാൻ ഉറ്റബന്ധുവായി ജോളി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്.
ശാസ്ത്രീയമായ തെളിവുകളിലൂടെ ദുരൂഹതകളുടെ ചുരുളഴിക്കാൻ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ കല്ലറകൾ തുറന്ന് ഭൗതികാവശിഷ്ടങ്ങൾ ശേഖരിച്ചിരുന്നു. മരണങ്ങളിൽ സംശയം പ്രകടിപ്പിച്ചുള്ള പരാതിയിലാണ് പൊലീസ് നടപടി. ഏറ്റവുമൊടുവിൽ മരിച്ച സിലിയെയും അവരുടെ രണ്ടു വയസായ കുട്ടിയെയും അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിലെ കല്ലറയാണ് ആദ്യം തുറന്നത്. രാവിലെ 10ന് വടകര റൂറൽ എസ്.പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർന്ന് കൂടത്തായിയിൽ അടക്കം ചെയ്ത, പൊന്നാമറ്റം കുടുംബത്തിലെ അന്നമ്മ, ടോംതോമസ്, റോയി, മഞ്ചാടിയിൽ മാത്യു എന്നിവരുടെ ഭൗതികാവശിഷ്ടങ്ങളും ശേഖരിച്ചിരുന്നു.