കൊച്ചി: കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ തോമസ് അമേരിക്കയില്‍നിന്ന് നാട്ടിലെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പോലീസ് വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു. കൂടത്തായി കേസിലെ അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് റോജോ നാട്ടിലെത്തിയത്.
പൊന്നാമറ്റം ടോം തോമസിന്റെ ഇളയമകനായ റോജോ അമേരിക്കയില്‍ സ്ഥിരതാമസമാണ്. റോജോ ജില്ലാ പോലീസ് മേധാവിക്കുനല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് കോടഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പുനരന്വേഷിച്ചത്.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സക്കറിയയെയും വീണ്ടും ചോദ്യം ചെയ്യുന്നു. ഇരുവരെയും വടകര റൂറൽ എസ്.പി ഓഫിസിൽ വിളിപ്പിച്ചാണ് ചോദ്യംചെയ്യുന്നത്. കൊലകളുൾപ്പെടെ ജോളിയുടെ ക്രൂരതകൾ പലതിനും രണ്ടാം ഭർത്താവ് ഷാജു മൂകസാക്ഷിയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ജോളിയുടെ മൊഴികൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലേക്ക് എത്തിയത്. കൂടുതൽ വ്യക്തതക്കായാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുന്നത്. അതിനിടെ, ഷാജുവിന്റെ സഹോദരി ഷീനയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
വിവാഹത്തിനു മുമ്പും ശേഷവുമുള്ള ജീവിതം സംബന്ധിച്ച് ഷാജുവിൻ്റെയും ജോളിയുടെയും മൊഴികളിൽ വലിയ വൈരുധ്യങ്ങളുണ്ട്. സിലിയെയും മകൾ ആൽഫിനെയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഷാജുവിനറിയാമെന്ന് ജോളി വ്യക്തമാക്കിയിരുന്നു. ഇതുൾപ്പെടെ ഷാജുവുമായി ബന്ധപ്പെട്ട ജോളിയുടെ മൊഴികളെല്ലാം പ്രത്യേകം രേഖപ്പെടുത്തി വിശകലനം ചെയ്ത് കണ്ടെത്തിയ വസ്തുതകളും തെളിവുകളും നിരത്തിയാണ് ഷാജുവിനെ ചോദ്യം ചെയ്യുക.
ഷാജു മാധ്യമങ്ങളോട് ഇതിനകം നടത്തിയ പ്രതികരണങ്ങളിലും വൈരുധ്യമുണ്ട്. ജോളി അറസ്റ്റിലായതിനു പിന്നാലെ ഭാര്യയുടെ ദുരൂഹ പ്രവൃത്തികൾ ഒന്നും തനിക്കറിയില്ലായിരുന്നുവെന്ന തരത്തിലാണ് ഷാജു ആദ്യം പ്രതികരിച്ചത്. പിന്നീട് മൊഴികളോരോന്നും പുറത്തുവന്നതോടെ പല ദുരൂഹതകളും ഉണ്ടെന്നും ഭയംകൊണ്ട് അന്വേഷിക്കാറില്ലെന്നുമുള്ള തരത്തിലായി വിശദീകരണം.
ആദ്യ ചോദ്യം ചെയ്യലിൽ ജോളിയുടെ പല പെരുമാറ്റത്തിലും ഇടപാടുകളിലും ദുരൂഹത സംശയിച്ചതായി ഷാജു പറഞ്ഞിരുന്നു. എന്നാൽ, എന്തുകൊണ്ട് ഇക്കാര്യങ്ങളൊന്നും അന്വേഷിച്ചില്ലെന്ന ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല. അനുമതിയില്ലാതെ ജില്ല വിടരുതെന്ന് നേരത്തേ തന്നെ ഷാജുവിനോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്തശേഷം ഷാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയും അന്വേഷണസംഘം തള്ളുന്നില്ല.
അതിനിടെ, വ്യാജ ഒസ്യത്ത് കേസിൽ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഡെപ്യൂട്ടി കലക്ടറാണ് മൊഴി രേഖപ്പെടുത്തുക. മൊഴി നൽകാനായി ജയശ്രീ കോഴിക്കോട് കലക്ടറേറ്റിലെത്തി.