കോഴിക്കോട് കൂടത്തായിയിൽ ആറ് പേരുടെ ദുരൂഹ മരണത്തിൽ നിർണായക വഴി തിരിവ്. നടന്നത് മാരകമായ വിഷ പ്രയോഗമാണെന്നു പോലീസ് കണ്ടെത്തി. മരിച്ച ആറ് പേരിൽ ഒരാളായ റോയിയുടെ ഭാര്യ ജോളിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പത്ത് തവണ ചോദ്യം ചെയ്ത ശേഷമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവർ കുറ്റസമ്മതം നടത്തിയതായാണ് സൂചന.
റോയിയുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് നൽകിയ ആളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചതായാണ് വിവരം. ഇയാൾക്കും കൊലപാതകത്തിൽ പങ്കുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.
കൂടത്തായിയിൽ ഉദ്യോഗസ്ഥ ദമ്പതികൾ ഉൾപ്പെടെ ആറ് പേരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെ കല്ലറകൾ തുറന്ന് പരിശോധിച്ചിരുന്നു. ഇതിലൂടെ ലഭിക്കുന്ന തെളിവുകൾ കേസിൽ നിർണായകമാകും. കേസിൽ സാഹചര്യതെളിവുകൾ ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. നിലവിൽ അന്വേഷണം എത്തിനിൽക്കുന്നവരുടെ സാന്നിധ്യം മരണ സമയങ്ങളിൽ ഉണ്ടായിരുന്നുവെന്നും ഒസ്യത്ത് മാറ്റിയതും കേസന്വേഷണത്തിൽ നിർണായകമായതായും വടകര റൂറൽ എസ് പി പറഞ്ഞു.
കൊല്ലപ്പെട്ട ആറുപേരും മരണത്തിനു തൊട്ടുമുൻപ് ആട്ടിൻസൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും െപാലീസ് സ്ഥിരീകരിച്ചു. റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സമാന രീതിയിൽ മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്.
ജോളി നേരത്തേ മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ആത്മഹത്യാശ്രമം നടത്തുകയും ചെയ്തിരുന്നതായി വിവരമുണ്ട്. മരണമടഞ്ഞ റോയിയുടെ അനുജന്‍ റോജോയുടെ സംശയമാണ് കൊലപാതകം ചുരുളഴിയുന്നതിലേക്ക് നീങ്ങിയത്. റോയി മരിച്ചതിന് പിന്നാലെ പിതൃസഹോദര പുത്രന്‍ ഷാജുവിനൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. വ്യാജ ഒസ്യത്ത് ഉണ്ടാക്കി ഭൂമി തട്ടിയെടുത്തത്. ഈ സ്ഥലത്തില്‍ കുറേ ഭാഗം വിറ്റത് തുടങ്ങിയ കാര്യങ്ങളെല്ലാമാണ് ഇത് ആസൂത്രിത കൊലപാതകം എന്ന നിലയില്‍േക്ക് കാര്യങ്ങളെ എത്തിച്ചത്. തന്റെ സൈ്വര്യജീവിതത്തിന് തടസ്സമായ എല്ലാവരേയും തന്നെ സംശയിച്ച എല്ലാവരേയും ജോളി പലപ്പോഴായി ഗൂഡമായി കൊലപ്പെടുത്തുകയായിരുന്നു.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകൻ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകൾ അൽഫോൺസ( 2), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ (68), എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. 2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടർന്ന് 2016ൽ സിലിയും മരിച്ചു. റോയിയുടെ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.