പ്രളയകാലത്തും ബാങ്കുകളുടെ പിടിച്ചുപറി അവസാനിക്കുന്നില്ല. എന്തിനും ഏതിനും സര്‍ചാര്‍ജ്ജും ഫൈനും ഈടാക്കുന്നത് ബാങ്കുകളുടെ സ്ഥിരം പരിപാടി ആയിരിക്കുകയാണ്. എന്നാല്‍ ഇത്തരത്തില്‍ കൊള്ള നടത്താന്‍ ശ്രമിച്ച ബാങ്കിനെ വരുതിക്ക് നിര്‍ത്തിയ ഒരു തഹസീല്‍ദാറാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്.
എറണാകുളം കോതമംഗലത്താണ് സംഭവം. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ 10,000 രൂപ വീതം നല്കി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം തഹസില്‍ദാറിന്റെ അക്കൗണ്ട് വഴി കോതമംഗലത്ത് പണം നല്കിയിരുന്നു. ഈ പണത്തില്‍ നിന്ന് കോതമംഗത്തെ ഒരു പ്രമുഖ ബാങ്ക് 923 രൂപയോളം ഫൈന്‍ ഈടാക്കി. മാര്‍ച്ച് മുതല്‍ ജൂലായ് വരെയുള്ള ഫൈനായി 923 രൂപയാണ് ഈടാക്കിയത്. കോതമംഗലം സ്വദേശിക്കാണ് ദുരാനുഭവം ഉണ്ടായത്.
സംഭവം വ്യാപക പ്രതിഷേധത്തിന് ഇടവച്ചതോടെ പരാതി തഹസില്‍ദാറിന്റെ അടുത്തെത്തി. ഒട്ടും വൈകിയില്ല. തഹസില്‍ദാര്‍ നേരെ പ്രസ്തുത ബാങ്കിന്റെ മാനേജറെ വിളിച്ചു. എത്രയും പെട്ടെന്ന് പണം തിരികെയിട്ട് മാപ്പു പറഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കാന്‍ തയാറായിക്കോളാന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കം പിടിച്ച പൈസയെല്ലാം തിരികെ അക്കൗണ്ടിലിട്ട് ബാങ്കുകാര്‍ നല്ല കുട്ടികളായി. പലയിടത്തും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ കര്‍ശന നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.