കൊട്ടാരക്കര: അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ ഓഫീസ് മദ്യപാനികളുടെ കൂത്തരങ്ങാകുന്നു. ദേവസ്വം ബോര്‍ഡിന്റെ പല പ്രധാന നടപടികളും നടത്തി വരുന്ന ഓഫീസാണ് പുരുഷന്മാരായ ഉദ്യോഗസ്ഥരുടെ മദ്യപാനം മൂലം പ്രവര്‍ത്തനം തന്നെ താളം തെറ്റിയ നിലയിലായിരിക്കുന്നത്. ഓഫീസിന്റെ പുറകിലെ ഒഴിഞ്ഞ ഇടമാണ് ഇവരുടെ താവളം.
ഓഫീസില്‍ കാര്യസാധ്യത്തിന് എത്തുന്നവര്‍ ഉദ്യോഗസ്ഥരെ സന്തോഷിപ്പിക്കാന്‍ മദ്യം കാണിക്കവയ്ക്കണമെന്ന അവസ്ഥയാണുള്ളത്. ഈ സ്ഥിതി മുതലെടുത്താണ് സ്ഥിരം മദ്യപാനം എന്ന രീതി തുടങ്ങിയത്. മദ്യപിച്ചു കഴിഞ്ഞാല്‍ ഓഫീസിനകത്തും പുറത്തും ഇവര്‍ പ്രശ്നക്കാരാകുകയും ചെയ്യുന്നുണ്ട്. ഓഫീസിലെ വനിതാ ജീവനക്കാരോടുള്ള പെരുമാറ്റവും വൃത്തികെട്ട രീതിയിലാണ്.
കോണ്‍ഗ്രസ് അനുഭാവമുള്ള യൂണിയന്റെ പ്രതിനിധിയാണ് മദ്യപാനം അടക്കമുള്ള വൃത്തികേടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. തന്റെ അധികാര മുഷ്‌ക് കാണിക്കുന്ന ഇയോളോടൊപ്പം മറ്റ് ജീവനക്കാരും കൂടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മദ്യലഹരിയിലായിരുന്ന ഈ സംഘം ജോലി സംബന്ധമായ ആവശ്യത്തിന് ഓഫീസിലെത്തിയ ഒന്നാം പാപ്പാനുമായി വാക്കുതര്‍ക്കത്തിലാകുകയും ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. പാപ്പാനുമായി ഉണ്ടായ കൂടുതല്‍ വഷളാകുകയും മറ്റ് പാപ്പാന്മാരും പുറത്തുള്ളവരും സംഘടിച്ചെത്തി വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തു. എന്നാല്‍ മറ്റുള്ളവരുടെ ഇടപെടലില്‍ വലിയൊരു സംഘര്‍ഷം ഒഴിഞ്ഞുപോകുകയായിരുന്നു.
ദേവസ്വം ബോര്‍ഡ് ഓഫീസിലെ ഈ സ്ഥിരം മദ്യപാനം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് വനിതാ ജീവനക്കാര്‍ അടക്കമുള്ളവരുടെ ആവശ്യം. എന്നാല്‍ ഇതിനെതിരെ ഉന്നത ഉദ്യോഗസ്ഥരോട് പരാതിപ്പെടാന്‍ തന്നെ ഇവര്‍ ഭയക്കുകയാണ്. മദ്യപന്മാരുടെ രാഷ്ട്രീയ സ്വാധീനമാണ് പരാതിപ്പെടുന്നതില്‍ നിന്നും മറ്റുജീവനക്കാരെ തടയുന്നത്.